ഗുരുവായൂർ: ക്ഷേത്രത്തിനകത്തെ സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനായി പൊലീസിന് കൈമാറാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. ക്ഷേത്രത്തിനകത്ത് മോഷണം സംബന്ധിച്ച് പരാതികൾ ഉയരുന്നതിനെ തുടർന്ന് സമയബന്ധിതമായി ദൃശ്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുന്നതിന് വേണ്ടിയാണ് ദൃശ്യങ്ങൾ പൊലീസിന് കൈമാറുന്നത്.
നിലവിൽ ക്ഷേത്രത്തിനകത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന് അനുവാദമുണ്ടായിരുന്നില്ല. എന്തെങ്കിലും കുറ്റകൃത്യം നടന്നതായി പരാതി ലഭിച്ചാൽ ദേവസ്വത്തിന്റെ അനുമതി വാങ്ങിയ ശേഷം മാത്രമാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ പൊലീസിന് അനുവാദമുണ്ടായിരുന്നത്. ഇതിനാൽ അന്വേഷണം നടത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും കാലതാമസം അനുഭവപ്പെട്ടിരുന്നു. ഇതൊഴിവാക്കാനായാണ് സ്ഥിരമായി ദൃശ്യങ്ങൾ പരിശോധിക്കുന്നതിന് പൊലീസിന് അനുമതി നൽകിയിരിക്കുന്നത്. ക്ഷേത്രത്തിനകത്ത് നാലമ്പലത്തിനകത്തെ ദൃശ്യങ്ങളൊഴികെയുള്ളവ ഇനി പൊലീസിന് സ്‌റ്റേഷനിൽ സ്ഥാപിക്കുന്ന മോണിറ്ററിലൂടെ നിരീക്ഷിക്കാനാകും. ഇതിനായി ക്ഷേത്രത്തിലെ കാമറകൾ കേബിൾ വഴി സ്‌റ്റേഷനിൽ സ്ഥാപിക്കുന്ന മോണിറ്ററുമായി ബന്ധിപ്പിക്കും.
ക്ഷേത്രത്തിനകത്ത് പ്രവൃത്തി ചെയ്തുകൊണ്ടിരിക്കെ ക്ഷേത്രാന്തരീക്ഷത്തിന് കളങ്കമുണ്ടാക്കുന്ന വിധത്തിൽ കലഹിച്ച കീഴ്ശാന്തിമാരോട് വിശദീകരണം തേടാനും ഭരണസമിതി തീരുമാനിച്ചു. കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിനകത്ത് ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരായ തേലംപറ്റ നാരായണൻ നമ്പൂതിരിയും അക്കാരപ്പിള്ളി വാസുദേവൻ നമ്പൂതിരിയും തമ്മിൽ വാക്കേറ്റമുണ്ടായത്. വാക്കേറ്റം രൂക്ഷമായതിനെ തുടർന്ന് മറ്റ് കീഴ്ശാന്തി നമ്പൂതിരിമാർ ചേർന്ന് ഇരുവരേയും പിടിച്ചുമാറ്റുകയായിരുന്നു.
ദേവസ്വത്തിന് ഔദ്യോഗിക യു ടൂബ് ചാനൽ തുടങ്ങാനും തീരുമാനിച്ചിട്ടുണ്ട്. ഭരണസമിതി യോഗത്തിൽ ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി.