ഗുരുവായൂർ: ഏകാദശി വിളക്കാഘോഷത്തിന്റെ ഭാഗമായുള്ള പുരാതന തറവാട്ടുകാരുടെ വിളക്കാഘോഷങ്ങൾക്ക് ഞായറാഴ്ച്ച തുടക്കമാകും. പതിനെട്ടര കളരികളുടെ ആശാൻ സ്ഥാനീയരായ കപ്രാട്ട് കുടുംബം വകയാണ് നാളെ വിളക്കാഘോഷം. കപ്രാട്ട് പാറുക്കുട്ടിയമ്മയുടെ പേരിലാണ് വിളക്ക് ആഘോഷിക്കുന്നത്. തിങ്കളാഴ്ച്ച ഷഷ്ഠി വിളക്കാഘോഷമാണ്.
ഗുരുവായൂരിലെ പുരാതന തറവാടായ മാണിക്കത്ത് കുടുംബത്തിന്റെ വകയാണ് ഷഷ്ഠി വിളക്കാഘോഷം. മാണിക്കത്ത് ചന്ദ്രശേഖര മേനോന്റെ പേരിലാണ് വിളക്കാഘോഷം നടത്തുന്നത്. ചൊവ്വാഴ്ച്ച സപ്തമി വിളക്ക് നെന്മിനി മനക്കാരുടെ വകയായാണ് ആഘോഷിക്കുക. വെളിച്ചെണ്ണ ഉപയോഗിച്ചു വിളക്ക് തെളിക്കുന്നുവെന്ന പ്രത്യേകതയും സപ്തമി വിളക്കാഘോഷത്തിനുണ്ട്. സ്വന്തം പറമ്പിലെ നാളികേരം ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണ് വിളക്കു തെളിക്കാൻ ഉപയോഗിക്കുക. നല്ലെണ്ണയും നെയ്യുമാണ് മറ്റ് ഏകാദശി വിളക്കുകൾക്ക് ഉപയോഗിക്കാറ്. നെന്മിനി എൻ.സി രാമൻ ഭട്ടതിരിപ്പാടിന്റെ പേരിലാണ് വിളക്കാഘോഷം നടത്തുന്നത്. ബുധനാഴ്ച്ച പുളിക്കിഴെ വാരിയത്തു കുടുംബം വക അഷ്ടമി വിളക്കാഘോഷിക്കും.
വ്യാഴാഴ്ച്ച കൊളാടി കുടുംബം വക നവമി നെയ്‌വിളക്കും ആഘോഷിക്കും. നൂറ്റാണ്ടുകളോളം പഴക്കമുള്ള വിളക്കാഘോഷങ്ങളാണിത്. വെള്ളിയാഴ്ച്ച ദേവസ്വം ഭരണസമിതിയുടെയും ജീവനക്കാരുടെയും വിളക്കാഘോഷമാണ്. ദശമി ദിവസമായ ശനിയാഴ്ച്ച ശ്രീഗുരുവായൂരപ്പൻ സങ്കീർത്തന ട്രസ്റ്റിന്റെ വിളക്ക് ആഘോഷിക്കും. ഏകാദശി ദിവസം ഗുരുവായൂർ ദേവസ്വത്തിന്റെ വക ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷമാണ്. ഇന്നലെ ക്ഷേത്രത്തിൽ ദേവസ്വം പെൻഷനേഴ്‌സ് അസോസിയേഷന്റെയും ദേവസ്വം എംപ്ലോയീസ് അസോസിയേഷന്റെയും വക വിളക്കാഘോഷം നടന്നു. ഇന്ന് മുൻ ദേവസ്വം ചെയർമാൻ പി.ടി മോഹനകൃഷ്ണന്റെ പേരിലുള്ള വിളക്കാഘോഷമാണ്.