തൃശൂർ: പൂരത്തിന്റെ നാട്ടിൽ ആസ്വാദകരുടെ മനം കവർന്ന് വിനീത് ശ്രീനിവാസനും നർത്തകി പാരിഷ് ലക്ഷ്മിയും കൗമുദി കലാസന്ധ്യയെ അവിസ്മരണീയമാക്കി. നിറഞ്ഞ കൈയടിയോടെയാണ് വിനീതിനെ കലാസ്വാദകർ സ്വീകരിച്ചത്. ആദ്യ പാട്ടിൽ തന്നെ വിനീത് ആസ്വാദകരുടെ മനം കവർന്നു. വിനീതിന്റെ അവതരണവും പാട്ടും പ്രായഭേദമന്യേ ഏവരുടെയും സിരകളെ ഹരം കൊള്ളിച്ചു. വിനീത് ശ്രീനിവാസന്റെ തൃശൂരിലെ നിരവധി ഫാൻസും കൗമുദി കലാസന്ധ്യയിലേക്കെത്തി. കാത്തിരുന്ന മുഹൂർത്തമായാണ് പൂരങ്ങളുടെ നാട്ടിലെ ഈ കലാവിരുന്നിനെ വിനീത് വിലയിരുത്തിയത്. ആറ് വർഷങ്ങൾക്ക് ശേഷമാണ് വിനീത് ശ്രീനിവാസൻ തൃശൂരിലെ ഒരു മെഗാ ഇവന്റിൽ പങ്കെടുത്തത്. മലയാള സിനിമയിൽ തൊട്ടതെല്ലാം ഹിറ്റാക്കിയ വിനീത് കേരളകൗമുദി കലാസന്ധ്യയിലേക്കെത്തിയ ആസ്വാദകരെ ആനന്ദത്തിലാറാടിച്ചാണ് വേദി വിട്ടത്. ഇന്ത്യൻ നൃത്തത്തിന്റെ ഹരം കൊണ്ട് കടൽ കടന്നെത്തി, മലയാളത്തിന്റെ മരുമകളായ നർത്തകി പാരിസ് ലക്ഷ്മി പൂരത്തിന്റെ നാടിനെ ചടുല നൃത്തം കൊണ്ട് സമ്പന്നമാക്കി. ലക്ഷ്മിയുടെ നൃത്തച്ചുവടുകൾ ആസ്വാദകരുടെ സിരകളിലേക്ക് മിന്നലിന്റെ വെള്ളി വെളിച്ചം പകർന്നു. കലാസന്ധ്യക്ക് വർണ വിസ്മയം പകരുന്ന പ്രകടനമാണ് അവർ കാഴ്ചവെച്ചത്. ലക്ഷ്മിയുടെ ചടുല നൃത്തത്തെ ഏറെ ആവേശത്തോടെയാണ് കലാസ്വാദകർ സ്വീകരിച്ചത്. തിങ്ങിനിറഞ്ഞ ആസ്വാദകരുടെ മനം നിറയെ ആവേശത്തിന്റെ വർണം വിതറിയാണ് കലാസന്ധ്യ സമാപിച്ചത്.