തൃശൂർ: സത്യത്തിനായുള്ള നിരന്തരമായ പരിശ്രമത്തിനും മലിനീകരിക്കപ്പെടാത്ത സത്യം പ്രബുദ്ധരായ വായനക്കാർക്ക് നൽകുന്നതിനും കേരളകൗമുദി എക്കാലവും പ്രതിജ്ഞാബദ്ധമാണെന്ന് കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി പറഞ്ഞു.
കേരളകൗമുദി തൃശൂർ എഡിഷന്റെ പതിനഞ്ചാം വാർഷികാഘോഷത്തോടനുബന്ധിച്ച് അയ്യന്തോൾ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന 'കിസ്‌ന ഡയമണ്ട് ജുവലറി കേരളകൗമുദി വിനീത് ശ്രീനിവാസൻ കൗമുദി നൈറ്റിൽ' അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സാങ്കേതിക വിദ്യ മാറിയേക്കാം. ആശയവിനിമയ മാധ്യമം മാറിയേക്കാം. പക്ഷേ യാഥാർത്ഥ്യം ഒരിക്കലും മാറില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. കേരളകൗമുദി എന്നും മുറുകെപ്പിടിക്കുന്നത് പൂർവികരുടെ ആശയങ്ങളും ദർശനങ്ങളുമായി പൊരുത്തപ്പെടുന്നതും ജനങ്ങളുടെ താൽപ്പര്യങ്ങൾക്ക് ഒപ്പം നിൽക്കുന്നതുമാണ്. അനന്തരഫലങ്ങൾ കണക്കിലെടുക്കാതെയാണ് നിലപാടുകൾ സ്വീകരിക്കുന്നതും.
പഴയ ഭീഷണികൾ നിലനിൽക്കുമ്പോഴും, പുതിയ ഭീഷണികൾ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മേഖലകളിൽ രാജ്യത്തിനകത്തും പുറത്തും നിന്ന് നിരന്തരം നമ്മെ നശിപ്പിക്കുന്നുണ്ട്. വെല്ലുവിളികൾ ദേശീയസുരക്ഷയ്ക്കും സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണ്. ശരിയായ നയം സ്വീകരിക്കുക എന്നത് പ്രധാനമാണ്. ഫലപ്രദമായ വിഭവവിനിയോഗം, യുവാക്കളുടെ ശാക്തീകരണം എന്നിവയിലൂടെ ഭീഷണികളെ മറികടന്ന് രാജ്യത്തെ ആഗോളതലത്തിൽ ഔന്നത്യത്തിലേക്ക് എത്തിക്കാനാകും. ബി.ജെ.പി. ദേശീയ ജനറൽ സെക്രട്ടറി റാം മാധവിന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ടീമിലെ പ്രധാന അംഗമെന്ന എന്ന നിലയിൽ പുരോഗമനപരമായ കാഴ്ചപ്പാട് യാഥാർത്ഥ്യമാക്കുന്നതിനുള്ള എല്ലാ പിന്തുണയും നൽകുന്നു.
കേരകൗമുദി തൃശൂർ എഡിഷന്റെ 15ാം വാർഷികം ആഘോഷിക്കുമ്പോൾ, നാല് തലമുറകളിലായി വ്യാപിച്ചു കിടക്കുന്ന ഞങ്ങളുടെ ശ്രദ്ധേയമായ യാത്രയിലെ സുപ്രധാന അടയാളങ്ങൾ സ്പർശിക്കേണ്ടതുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളം ഇരുണ്ട ഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. ആഴത്തിലുള്ള സാമൂഹിക അനീതിയിലും മനുഷ്യത്വരഹിതമായ ജാതി സമ്പ്രദായങ്ങളിലും മുഴുകിയ നാടായിരുന്നു കേരളം. സ്വാമി വിവേകാനന്ദൻ കേരളം ഭ്രാന്താലയമെന്ന് പറഞ്ഞു. വിശ്വഗുരുവും സാമൂഹിക പരിഷ്‌കർത്താവായ ശ്രീനാരായണ ഗുരുദേവൻ തന്നെയാണ് ഇരുണ്ട കാലത്തിൽ നിന്ന് കേരളത്തെ ഉയർത്തി നവോത്ഥാനത്തിന് നേതൃത്വം നൽകിയത്. എന്റെ മുത്തച്ഛൻ സി.വി കുഞ്ഞുരാമൻ പ്രഗത്ഭനായ എഴുത്തുകാരനും സാമൂഹിക ചിന്തകനുമായിരുന്നു. ഗുരുദേവന്റെ ദർശനങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു. ഗുരുവിന്റെ അടുത്ത ശിഷ്യനായിരുന്നു. ഗുരുവിന്റെ നിർദ്ദേശപ്രകാരം 1911 ൽ കേരള കൗമുദി അടിച്ചമർത്തപ്പെട്ടവരുടെയും നിരാലംബരുടെയും ലക്ഷ്യത്തിനായി ആരംഭിച്ചു. പത്രത്തിന്റെ പ്രാഥമിക ലക്ഷ്യങ്ങളിലൊന്ന് ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ പ്രചരിപ്പിക്കുക എന്നതായിരുന്നു. സ്വാതന്ത്ര്യസമരത്തിലും വൈക്കം സത്യാഗ്രഹം പോലുള്ള സാമൂഹിക നവോത്ഥാനങ്ങളിലും കേരളകൗമുദിയുടെ ഇടം മുന്നിലായിരുന്നു. 1941 ൽ സി.വി കുഞ്ഞുരാമന്റെ മകൻ കെ. സുകുമാരൻ പത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തു. സാമൂഹിക അനീതികൾക്കെതിരെ നിരവധി പോരാട്ടം നടത്തിയ കേരളകൗമുദി നിരവധി സാമൂഹിക പ്രസ്ഥാനങ്ങളുടെ പ്രേരകശക്തിയായി. പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണത്തെ അന്നത്തെ സർക്കാർ അസാധുവാക്കിയതിനെതിരെ പത്രാധിപർ സുകുമാരന്റെ 'കുളത്തൂർ പ്രസംഗം' തീരുമാനം മാറ്റിയെടുക്കാൻ അവരെ പ്രേരിപ്പിച്ചു. സമൂഹത്തിനായി അദ്ദേഹം നടത്തിയ പക്ഷപാതപരവും നിർഭയവുമായ സേവനങ്ങൾക്ക് 1971 ൽ രാഷ്ട്രം അദ്ദേഹത്തെ പത്മഭൂഷൺ നൽകി ആദരിച്ചു. 2011 ൽ തിരുവനന്തപുരത്ത് നടന്ന കേരളകൗമുദി ശതാബ്ദിയാഘോഷത്തിന്റെ ഉദ്ഘാടന വേളയിൽ അന്നത്തെ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് അഭിപ്രായപ്പെട്ടത് 100 വർഷം പൂർത്തിയാക്കുന്ന ഏതൊരു സ്ഥാപനവും സവിശേഷ സ്ഥാനം അർഹിക്കുന്നുണ്ടെന്നായിരുന്നു.
പ്രതിവാരപത്രമായി തുടങ്ങിയ കേരളകൗമുദി കാലത്തിനൊപ്പം വളർന്നു. ഓൺലൈൻ ന്യൂസ്‌പോർട്ടലുകളും ഇ പേപ്പറും വഴി ഡിജിറ്റൽ മേഖലയിലും പടർന്നുപന്തലിച്ചു. സാറ്റലൈറ്റ് ചാനൽ 'കൗമുദി ടിവി' തുടങ്ങി. കേരളകൗമുദിക്ക് 108 വയസ് പ്രായമുണ്ടെങ്കിലും 108 വയസിന്റെ ചെറുപ്പമാണെന്ന് പറയട്ടെ. ചലനാത്മകമായ പ്രൊഫഷണലുകളുടെ ടീം കേരളകൗമുദിക്കുണ്ട്. കേരളകൗമുദിക്ക് ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.