തൃശൂർ: സാംസ്‌കാരിക തലസ്ഥാനത്ത് സംഗീത, നൃത്തമേളങ്ങൾ ഒരുക്കി നറും നിലാവായി മാറിയ 'കിസ്ന ഡയമണ്ട് ജുവലറി കേരളകൗമുദി വിനീത് ശ്രീനിവാസൻ കൗമുദി നൈറ്റ് ' ആയിരങ്ങളെ ത്രസിപ്പിച്ചു. കേരളകൗമുദി തൃശൂർ എഡിഷന്റെ പതിനഞ്ചാം വാർഷികാഘോഷത്തോട് അനുബന്ധിച്ച് അയ്യന്തോൾ ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന ആഘോഷ പരിപാടിയുടെ ഉദ്ഘാടനം ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി റാം മാധവ് നിർവഹിച്ചു.

കേരള കൗമുദി ചീഫ് എഡിറ്റർ ദീപു രവി അദ്ധ്യക്ഷനായി. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ അനുഗ്രഹപ്രഭാഷണം നടത്തി. സംവിധായകൻ സത്യൻ അന്തിക്കാട് കലാസന്ധ്യ ഉദ്ഘാടനം ചെയ്തു. റാം മാധവിനും പത്മശ്രീക്ക് അർഹനായ സ്വാമി വിശുദ്ധാനന്ദയ്ക്കും ചലച്ചിത്ര സംവിധാന രംഗത്തെ സമഗ്രസംഭാവന പരിഗണിച്ച് സത്യൻ അന്തിക്കാടിനും പൊന്നാടയും മെമന്റോയും നൽകി കേരളകൗമുദി ചീഫ് എഡിറ്റർ ദീപു രവി ആദരമർപ്പിച്ചു. നടിയും സംഗീതനാടക അക്കാഡമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിത, നടനും കാരിക്കേച്ചറിസ്റ്റുമായ ജയരാജ് വാരിയർ എന്നിവർ ആശംസകൾ അർപ്പിച്ചു. മുഖ്യസ്പോൺസർ ഡയാന ഡയമണ്ട് കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഷഹനാസ് പാലക്കൽ, യു.എസ്.എ ഭാരത് ഗോൾഡ് ആൻഡ് ഡയമണ്ട് എൽ.എൽ.സി ഡയറക്ടർ ദിനേഷ് ബാബു, യുവസംരംഭകൻ ശ്യാംലാൽ ശ്രീധരൻ എന്നിവർക്ക് റാം മാധവ് ഉപഹാരം സമ്മാനിച്ചു. 32 വർഷമായി കേരളകൗമുദിയുമായി സഹകരിക്കുന്ന, ഷഷ്ഠിപൂർത്തി ആഘോഷിക്കുന്ന ടോംയാസ് സാരഥി തോമസ് പാവറട്ടിക്ക് കേരളകൗമുദി ചീഫ് എഡിറ്റർ ഉപഹാരം നൽകി. എസ്.എൻ ജനസേവാകേന്ദ്രം ബ്രോഷർ പ്രകാശനം സ്വാമി വിശുദ്ധാനന്ദയ്ക്ക് നൽകി റാം മാധവ് നിർവഹിച്ചു. കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ സ്വാഗതവും ബ്യൂറോ ചീഫ് പ്രഭു വാരിയർ നന്ദിയും പറഞ്ഞു. തുടർന്ന് നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസനും ബാൻഡും സംഗീതസന്ധ്യ നയിച്ചു. ചടുലനൃത്തത്തിന്റെ ചാരുതയുമായി നർത്തകിയും ചലച്ചിത്രതാരവുമായ പാരീസ് ലക്ഷ്മിയും സംഘവും വേദിയിലെത്തി. ചിരിയുടെ പൂരവുമായി ബിജേഷ് ചേളാരിയും ഗിന്നസ് റെക്കാഡിന്റെ മികവിൽ ബാലൻസിംഗ് ഡാൻസുമായി സമ്പത്തും വേദിയെ കീഴടക്കി..