kadakampally-surendran

തൃശൂർ: തേക്കിൻകാട് മൈതാനിയിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ മുന്നൂറ് ആനകളെ അണിനിരത്തി ഗജോത്സവം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ 13-ാം സംസ്ഥാന സമ്മേളനം കൗസ്തുഭം ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതു സംബന്ധിച്ച സുരക്ഷാ ക്രമീകരണങ്ങൾ ചർച്ച ചെയ്ത ശേഷം മാത്രമാകും അന്തിമതീരുമാനം. ഒന്നോ രണ്ടോ സംഭവങ്ങൾ ചൂണ്ടിക്കാട്ടി ആന എഴുന്നള്ളിപ്പുകളെ അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് കൊണ്ട് ആനകളെ എഴുന്നള്ളിക്കാനുള്ള സാഹചര്യമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഗജോത്സവത്തിന് ആനകളെ സൗജന്യമായി വിട്ടുനൽകുമെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാർ എം.എൽ.എ പറഞ്ഞു. മേയർ അജിത വിജയൻ വിശിഷ്ടാതിഥിയായി. കേരളത്തിലെ മുതിർന്ന ആനചികിത്സകർക്ക് നൽകുന്ന ഐരാവത ഭിഷഗ്വര ശ്രേഷ്ഠ പുരസ്‌കാരം ഡോ.കെ.സി.പണിക്കർക്കും മാതംഗ ജീവതവര്യ പുരസ്‌കാരം ആവണപ്പറമ്പ് മഹേശ്വരൻ നമ്പൂതിരിപ്പാടിനും സമ്മാനിച്ചു. കേരളത്തിലെ ഏറ്റവും നല്ല ആനപാപ്പാനുള്ള ഡേവിസേട്ടൻ സ്മാരക ഗജമിത്ര പുരസ്‌കാരം മണി എരിമയൂരിന് സമ്മാനിച്ചു.