തൃശൂർ: സാധാരണ നവംബർ പകുതിയോടെ പെയ്തു തോരുന്ന തുലാവർഷം ഇപ്പോഴും തുടരുകയും ഡിസംബറിലേക്ക് കടക്കുമെന്നും പ്രവചിക്കുകയും ചെയ്യുമ്പോൾ ഈ അപൂർവ പ്രതിഭാസത്തിന് കൃത്യമായ കാരണം അജ്ഞാതം. വൃശ്ചികത്തിൽ ശക്തമായ കാറ്റും രാത്രിയിൽ കടുത്ത തണുപ്പും അനുഭവപ്പെടുന്ന തൃശൂർ, പാലക്കാട് ജില്ലകളിലും കാലാവസ്ഥ തകിടം മറിഞ്ഞു.
രണ്ടു ദിവസം കാറ്റ് അനുഭവപ്പെട്ടെങ്കിലും പിന്നീടുണ്ടായില്ല.
അതേസമയം, കിഴക്കൻ കാറ്റിലെ തരംഗങ്ങളുടെ അപൂർവതയാണ് പ്രതിഭാസത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തെക്കൻ ജില്ലകളിലെപ്പോലെ മദ്ധ്യകേരളത്തിലും ശനിയാഴ്ച രാത്രി അപ്രതീക്ഷിതമായി മഴ പെയ്തു. തെക്കൻ തീരങ്ങളിൽ കാറ്റിന്റെ വേഗത മണിക്കൂറിൽ 60 കിലോമീറ്റർ വരെയാകുമെന്നാണ് പ്രവചനം. തമിഴ്‌നാടിന്റെ തെക്കൻ തീരത്തിനടുത്തായി വരുന്ന 48 മണിക്കൂറിനകം ന്യൂനമർദ്ദം രൂപപ്പെടാനിടയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സമുദ്ര നിരപ്പിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദ പാത്തിയാണ് തമിഴ്‌നാട്ടിൽ അടുത്ത മണിക്കൂറുകളിൽ കനത്ത മഴയ്ക്ക് കാരണമാകുകയെന്നും പറയുന്നു.
ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ഒരുമിച്ച് ന്യൂനമർദ്ദം ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. അതേസമയം, മഴ പ്രാദേശികമായി കനത്തു പെയ്യുന്നത് താപനിലയിലും കാര്യമായ വ്യത്യാസം ഉണ്ടാക്കുന്നുണ്ട്. അകാലത്തിലുള്ള മഴയും താപവ്യതിയാനവും മാവ്, പ്‌ളാവ് തുടങ്ങിയവയുടെ പുഷ്പിക്കലിനും മാങ്ങയും ചക്കയും ഉണ്ടാകുന്നതിനും പ്രതികൂലമാകുമെന്നും വിദഗ്ദ്ധർ പറയുന്നു.
മറ്റ് സാദ്ധ്യതകൾ:
ഇന്ത്യൻ സമുദ്രത്തിന്റെ കിഴക്ക് - പടിഞ്ഞാറ് ഭാഗങ്ങളിലെ അസാധാരണ താപവ്യതിയാനം
ഇന്ത്യൻ സമുദ്രത്തിൽ താപവ്യത്യാസം സംഭവിക്കുന്നത് രണ്ട് പതിറ്റാണ്ടിനിടെ ആദ്യം
തെക്ക് പടിഞ്ഞാറൻ അറബിക്കടലിലെ ന്യൂനമർദ്ദത്തിനൊപ്പമുളള ആഗോള പ്രതിഭാസങ്ങൾ
ഈയാണ്ടിൽ മഴ കൂടി
75 ശതമാനം കേരളത്തിൽ
94 ശതമാനം തൃശൂരിൽ
കിട്ടേണ്ടത് :483 മി.മീ.
കിട്ടിയത്: 935 മി.മീ.
'' 2008 ലും അപ്രതീക്ഷിതമായി ഇതുപോലെ മഴ ശക്തമായിരുന്നു. അറബിക്കടലിലെ ന്യൂനമർദ്ദം കാരണം വരും ദിവസങ്ങളിൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ഇടിമിന്നൽ ഉണ്ടാകില്ലെന്നാണ് നിഗമനം.''
ഡോ. സി.എസ്. ഗോപകുമാർ, കാലാവസ്ഥാ ഗവേഷകൻ
തുലാവർഷം:
തുലാമാസം മുതൽക്കുള്ള മഴ പെയ്യുന്നത് വടക്ക് കിഴക്കൻ മൺസൂൺ കാറ്റിലൂടെ.
തുലാവർഷത്തിൽ ഇടിവെട്ടും മിന്നലും ശക്തമായ കാറ്റും സ്വാഭാവികം.
കേരളത്തിൽ കൂടുതൽ തുലാമഴ വടക്കൻ ഭാഗങ്ങളേക്കാൾ തെക്കൻ ജില്ലകളിൽ.
ഉച്ചയ്ക്ക് ശേഷം പെയ്യുന്ന തുലാമഴ ലഭിക്കുന്നത് ഒക്ടോബറിൽ, കുറവ് നവംബറിലും