ചാഴൂർ: അഗ്രോ ഡ്രോൺ ഉപയോഗം കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി വി.എസ് സുനിൽ കുമാർ പറഞ്ഞു. കാർഷിക യന്ത്രവത്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പായി അഗ്രോ ഡ്രോൺ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുറത്തൂർ കോൾപ്പടവിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
കോട്ടയം മെത്രാൻ കായലിലാണ് കൃഷി വകുപ്പ് ആദ്യമായി ഡ്രോൺ പരീക്ഷിച്ചത്. കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. അതേസമയം വലിയ ഡ്രോൺ ഉപയോഗത്തിന് കേന്ദ്രസർക്കാറിന്റെ അനുമതി ആവശ്യമാണ്. കൂടാതെ ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാക്കേണ്ടതുണ്ട്. കാർഷിക രംഗത്തെ യന്ത്രവത്കരണത്തിനായി മുന്നോട്ടുവന്ന ഏതാനും ചെറുപ്പക്കാരുടെ സംരംഭമാണിതെന്നും മന്ത്രി പറഞ്ഞു. ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പ് തൃശൂരിൽ അഗ്രോ ഡ്രോൺ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കോൾ പാടത്ത് ഡ്രോൺ ഉപയോഗിച്ചു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.