vrithiyakkal-samaram

എടത്തിരുത്തിയിലെ നമ്പ്രാട്ടിചിറ ചെന്ദ്രാപ്പിന്നി, ചാമക്കാല എന്നീ പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ നടത്തുന്ന വൃത്തിയാക്കൽ സമരം

കയ്പ്പമംഗലം: വെള്ളക്കെട്ട് പരിഹരിക്കാൻ പഞ്ചായത്ത് നൽകിയ ഉറപ്പ് പാലിക്കാതായപ്പോൾ ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വെള്ളക്കെട്ട് പ്രദേശത്ത് വൃത്തിയാക്കൽ സമരത്തിന് തുടക്കം കുറിച്ചു. എടത്തിരുത്തി പഞ്ചായത്ത് 10ാം വാർഡിലെ ചെന്ത്രാപ്പിന്നി, നമ്പ്രാട്ടിചിറ, ചാമക്കാല പ്രദേശങ്ങളിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനാണ് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ട് നിവേദനങ്ങൾ സമർപ്പിച്ചിരുന്നത്. എന്നാൽ നടപടിയുണ്ടാവാത്തതിനെ തുടർന്നാണ് സമിതി പ്രശ്‌ന പരിഹാരത്തിന് മുന്നിട്ടിറങ്ങിയത്.

നമ്പ്രാട്ടിചിറയിലെ വീടുകളിൽ നിന്നും ഇപ്പോഴും വെള്ളം ഒഴിഞ്ഞു പോയിട്ടില്ലെന്നും, വെള്ളപൊക്കം മനുഷ്യ നിർമ്മിതമാണെന്നും കൾവെർട്ടുകളും, തോടുകളും വെള്ളച്ചാലുകളും അറപ്പയിലേക്കുള്ള കൈവഴികളുമൊക്കെ അടച്ചു കളഞ്ഞതുകൊണ്ടുണ്ടായ വെള്ളക്കെട്ടാണ് ഈ പ്രദേശങ്ങളിലെ ദുരിതത്തിന് കാരണമെന്നും ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. പല തവണ ഗ്രാമസഭകളിൽ ഇത്തരം പ്രശ്‌നങ്ങൾ ഉന്നയിച്ചിരുന്നതായും നിവേദനം നൽകിയപ്പോൾ പഞ്ചായത്ത് സെക്രട്ടറി വെള്ളക്കെട്ട് പരിഹരിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾക്ക് ഉറപ്പ് നൽകിയിരുന്നതാണെന്നും ജനകീയ സമര സമിതി കൺവീനർ സനൽ പറഞ്ഞു. പഞ്ചായത്തിന് ഒരു മുന്നറിയിപ്പായിട്ടു കൂടിയാണ് ഇവിടം വൃത്തിയാക്കൽ സമരത്തിന് തുടക്കം കുറിക്കുന്നതെന്നും, വരും ദിവസങ്ങളിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ വേറിട്ട സമരമെന്നും ജനകീയ സംരക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു.

സമരം ജനകീയ സംരക്ഷണ സമിതി കൺവീനർ കെ.വി. സനൽ ഉദ്ഘാടനം ചെയ്തു. പി.സി. അജയൻ, ടി.എൻ. ഷാജി, എൻ.എം. അനിലൻ, പി.ആർ. സർവ്വോത്തമൻ, പി.സി. മണികണ്ഠൻ, കൗസല്യ അശോകൻ, ബിന്ദു ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

യോഗം ചർച്ച ചെയ്ത് തീരുമാനിക്കും
വെള്ളക്കെട്ട് വിഷയവുമായി ബന്ധപെട്ട് പൊതുജനങ്ങളിൽ നിന്ന് നിരവധി നിവേദനങ്ങൾ ലഭിച്ചിട്ടുണ്ട്. ഇത് പരിഹരിക്കുന്ന നിർദേശങ്ങൾ മുഖ്യ അജണ്ടയായി പ്രത്യേകം വിളിച്ചു ചേർത്ത ഗ്രാമസഭകളിലും പഞ്ചായത്ത് ഭരണസമിതി യോഗത്തിലും ചർച്ച ചെയത് തീരുമാനിക്കും.

എടത്തിരുത്തി പഞ്ചായത്ത് സെക്രട്ടറി