വടക്കേക്കാട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത കമിതാക്കളുടെ വിവാഹം ചൈൽഡ് ലൈൻ അധികൃതർ തടഞ്ഞു. ഭർത്താവുമായി അകന്നു കഴിയുന്ന വിദേശത്തു ജോലിയുള്ള വടകര സ്വദേശിനിയുടെ പ്രായപൂർത്തിയാകാത്ത മക്കളാണ് ദിവസങ്ങൾക്കു മുമ്പ് പ്രായപൂർത്തിയാകാത്ത യുവാക്കൾക്കൊപ്പം വീട് വിട്ടിറങ്ങിയത്. സംഭവത്തിൽ വടകര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിൽ വടക്കേക്കാട് സ്വദേശികളുടെ കൂടെയാണ് ഇവർ പോയതെന്ന് മനസ്സിലായി.

കുന്നംകുളം പൊലീസിന്റെ സഹായത്താൽ ഇവരിൽ രണ്ടുപേരെയും ഒരു യുവാവിനെയും പിടികൂടി വടകര കോടതിയിൽ ഹാജരാക്കി. കുട്ടികളെ അമ്മയുടെ കൂടെ താമസിക്കാൻ വിട്ടെങ്കിലും അമ്മ വിദേശത്തേക്ക് പോയ ഉടൻ രണ്ടുപേരും വീണ്ടും വടക്കേക്കാട് എത്തുകയായിരുന്നു. ഇരുവരും രണ്ടു യുവാക്കളുടെ കൂടെ അവരുടെ മാതാ പിതാക്കളുടെ സമ്മതപ്രകാരം അവരുടെ വീടുകളിൽ താമസമാക്കിയ വിവരമറിഞ്ഞ ചൈൽഡ് ലൈൻ അധികൃതർ വെള്ളിയാഴ്ച നേരിട്ട് എത്തി പിടികൂടുകയായിരുന്നു.

വടക്കേക്കാട് വട്ടംപാടം വാക്കയിൽ പറമ്പിൽ താമസിക്കുന്ന തമിഴ് മലയാളി ദമ്പതികളുടെ വീട്ടിൽ നിന്നാണ് ഒരു കുട്ടിയെ കണ്ടെത്തിയത്, വടക്കേക്കാട് എടക്കര റോഡിൽ വാടക കെട്ടിടത്തിൽ താമസിക്കുന്ന മറ്റൊരു തമിഴ് മലയാളി ദമ്പതികളുടെ കൂടെയാണ് മൂത്ത കുട്ടി താമസിച്ചിരുന്നത്. മൂത്ത കുട്ടി തനിക്കു പതിനെട്ടു വയസ്സായി എന്ന് കള്ളം പറഞ്ഞു ഉദ്യോസ്ഥരെ തെറ്റിദ്ധരിപ്പിച്ചു, കുട്ടി പഠിച്ച സ്‌കൂളിൽ അന്വേഷിച്ചപ്പോൾ ഇതു ശരിയല്ലെന്ന് കണ്ടെത്തി. രാത്രിയോടെ വടക്കേക്കാട് പൊലീസിന്റെ സഹായത്തോടെ ഈ കുട്ടിയെയും മോചിപ്പിച്ച് ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇവരുടെ വിവാഹം ശനിയാഴ്ച നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.