krishinasam
ആനകൾ കൃഷിനാശം വിതച്ച രണ്ടുകൈ പ്രദേശത്ത് വി.ആർ.സുനിൽകുമാറും സംഘവും സന്ദർശിക്കുന്നു

ചാലക്കുടി: കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ച കോടശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ വി.ആർ. സുനിൽകുമാർ എം.എൽ.എയും സംഘവും സന്ദർശിച്ചു. അഖിലേന്ത്യാ കിസാൻ സഭയുടെ അഭ്യർത്ഥനയെ തുടർന്നായിരുന്നു ചായ്പ്പൻകുഴി, രണ്ടുകൈ, മരുത്കുഴി എന്നിവിടങ്ങളിൽ നേതാക്കൾ എത്തിയത്.

വ്യാപകമായി വിളകൾ ആമക്കൂട്ടം നശിപ്പിച്ചെന്ന് എം.എൽ.എയ്ക്ക് ബോദ്ധ്യമായി. ഇതുസംബന്ധിച്ച് കർഷകർ മന്ത്രിമാർക്ക നൽകുന്നതിനായി തയ്യാറാക്കിയ നിവേദനം എം.എൽ.എ ഏറ്റുവാങ്ങി. പ്രദേശങ്ങളിൽ ഫെൻസിംഗ്, കിടങ്ങ് കുഴിക്കൽ, ജൈവവേലി നിർമ്മാണം എന്നിവ ഫലപ്രദമായി നടപ്പിലാക്കി കൃഷിക്കാരുടെ ജീവനും കൃഷിയും നിലനിറുത്തുന്നതിന് അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് എം.എൽ.എ ഉറപ്പ് നൽകി.

ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ട് പരിക്കേറ്റ വടാശ്ശേരി ജോഷിയെ എം.എൽ.എ സന്ദർശിച്ചു. കൃഷി നശിച്ച കർഷകരുടെ വീടുകളിലും വി.ആർ. സുനിൽകുമാർ എത്തി. പെരേപ്പാടൻ ബൈജു ചെട്ടിത്തോട്ടത്തിൽ, അഖിലേന്ത്യാ കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.വി. വസന്തകുമാർ, മണ്ഡലം സെക്രട്ടറി സി.വി. ജോഫി, ടി.വി. രാമകൃഷ്ണൻ, എം.ഡി. ബാഹുലേയൻ, എം.വി. ഗംഗാധരൻ. ദേവരാജൻ ചായ്പൻ കുഴി, പി.എം. പ്രകാശൻ, കെ.വി. ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ .എം.കെ. സുബ്രഹ്മണ്യൻ, ഗീത കേശവൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.