tolplasa-march
പ്രതിഷേധയോഗം,ചാലക്കുടി എം.പി,ബെന്നി ബഹന്നാന്‍ ഉദ്ഘാനം ചെയ്യുന്നു

പാലിയേക്കര: ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. ചാലക്കുടി അടിപ്പാതയുടെ നിർമ്മാണം ഉടൻ പൂർത്തീകരിക്കുക, പുതുക്കാട് മേൽപ്പാലം യാഥാർത്ഥ്യമാക്കുക, തദേശീയരുടെ യാത്രാ സൗജന്യം പുനഃസ്ഥാപിക്കുക, ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.

തൃശൂർ, ഒല്ലൂർ, ചേർപ്പ്, അളഗപ്പനഗർ, പുതുക്കാട്, ഒല്ലൂർ, ചാലക്കുടി ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ദേശീയപാതയ്ക്ക് ഇരുവശത്തു നിന്നുള്ള മാർച്ച്. പാതയുടെ 50 മീറ്റർ ദൂരെ വച്ച് മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധയോഗം ബെന്നി ബഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തു. മുൻ മന്ത്രി കെ.പി. വിശ്വനാഥൻ അദ്ധ്യക്ഷനായി.

ടി.എൻ. പ്രതാപൻ എം.പി, റോജി എം. ജോൺ എം.എൽ.എ, നേതാക്കളായ ഒ. അബ്ദു റഹ്മാൻ കുട്ടി, ടി.വി. ചന്ദ്രമോഹനൻ, എബി ജോർജ്ജ്, ജോസഫ് ടാജറ്റ്, എം.പി. വിൻസെന്റ്, കെ.എം. ബാബുരാജ്, ടി.എ. ഓമന, കെ. ഗോപാലകൃഷ്ണൻ, പി.എ. മാധവൻ, സെബി കൊടിയൻ, വി.ഒ. പൈലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു.

മാർച്ചിനെ തുടർന്ന് ഒരു മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. ഡിവൈ.എസ്.പി: ഫെയ്മസ് വർഗീസ്, സി.ഐമാരായ എസ്.പി. സുധീരൻ, സജിൻ ശശി എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാർ ചേർന്നാണ് മർച്ച് നടന്നത്.