benny-sheela
ബെന്നി ജോർജ്ജും ഭാര്യ ഷീലയും

തൃശൂർ: തൃശൂർ പാലക്കാട് ദേശീയപാതയിലെ വാണിയമ്പാറയിൽ നിയന്ത്രണം വിട്ട കാർ കുളത്തിലേക്ക് മറിഞ്ഞ് ദമ്പതികൾ മരിച്ചു. എറണാകുളം എരൂർ സമാജപ്പടിയിൽ ബെന്നി ജോർജ്ജ് (55), ഭാര്യ ഷീല (54) എന്നിവരാണ് മരിച്ചത്. ഡ്രൈവർ തൃപ്പൂണിത്തുറ സ്വദേശി ശശി കർത്ത അത്ഭുതകരമായി രക്ഷപ്പെട്ടു.
ഇന്നലെ പുലർച്ചെ രണ്ടരയോടെ കോയമ്പത്തൂരിൽ നടന്ന റോട്ടറി ക്ലബ്ബിന്റെ സെമിനാറിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് വാണിയമ്പാറ ദേശീയപാതയ്ക്ക് അരികിലുള്ള കുളത്തിലേക്ക് കാർ നിയന്ത്രണം വിട്ട് മറിഞ്ഞത്. എതിർവശത്ത് നിന്ന് വാഹനം വന്നപ്പോൾ പെട്ടെന്ന് വെട്ടിക്കുകയായിരുന്നുവെന്ന് പറയുന്നു. കുളത്തിന്റെ ഒരു വശത്ത് നിന്നിരുന്ന കമ്പിയിൽ പിടികിട്ടിയതിനാൽ ഡ്രൈവർക്ക് രക്ഷപ്പെടാൻ അവസരമായി. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്നവരാണ് ശബ്ദം കേട്ട് അപകടവിവരം അറിയിച്ചത്.

നാട്ടുകാരെത്തി ഡ്രൈവറെ രക്ഷപ്പെടുത്തി. വടക്കഞ്ചേരിയിൽ നിന്നും തൃശൂരിൽ നിന്നും അഗ്‌നിശമന സേനയെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപെട്ട കാറ് ജെ.സി.ബി ഉപയോഗിച്ച് പൊക്കിയെടുത്തപ്പോൾ കാറിൽ ഷീലയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുളത്തിൽ താഴ്ന്ന ബെന്നി ജോർജ്ജിനെ കണ്ടെത്താനായി തൃശൂർ സ്‌കൂബ ടീമിനെ കൊണ്ടുവന്നു. ടീം അംഗങ്ങളായ ഫിറോസ്, രാജേഷ് എന്നിവർ കുളത്തിലിറങ്ങി ഏറെ നേരം തെരഞ്ഞശേഷം രാവിലെ 6.30 ഓടെയാണ് മൃതദേഹം പുറത്തെടുത്തത്.

അപകട കാരണം വ്യക്തമായിട്ടില്ല. മരിച്ച ബെന്നി ജോർജ്ജ് സക്‌സസ് കമ്പനിയുടെ എം.ഡിയാണ്. റോട്ടറി ക്ലബ്ബിന്റെ രണ്ടു ജില്ലകളുടെ ചുമതല വഹിച്ചുവരികയാണ്. ദേശീയപാത കരാറുകാരായ കെ.എം.സി കമ്പനി കുളത്തിന്റെ സംരക്ഷണ ഭിത്തിയുടെ പണി പൂർത്തിയാക്കാത്തതാണ് അപകടത്തിന് ഇടയാക്കിയതെന്ന് നാട്ടുകാർ ആരോപിച്ചു.
വടക്കഞ്ചേരി ഫയർ സ്റ്റേഷൻ അസി. ഓഫീസർ ഷാജു, യൂസഫ്, തൃശൂർ സ്റ്റേഷനിലെ സീനിയർ ഫയർ സ്റ്റേഷൻ ഓഫീസർ ടി. അനിൽ കുമാർ എന്നിവർ നേതൃത്വം നൽകി. അപകടം നടന്ന സ്ഥലത്തിനടുത്ത് പ്രവർത്തിക്കുന്ന ഹോട്ടൽ ജീവനക്കാരും ജനപ്രതിനിധികളും രക്ഷാപ്രവർത്തനത്തിന് പങ്കാളികളായി. തൃശൂർ എ.സി.പി. വി.കെ. രാജു, പീച്ചി, ഒല്ലൂർ പൊലീസ് സ്റ്റേഷനുകളിലെ എസ്.ഐമാർ, ഹൈവേ പൊലീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.