ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ നേതൃത്വത്തിൽ തത്വമസി ഗൾഫ് കമ്മിറ്റി നടത്തിയ ദേശവിളക്ക് മഹോത്സവവും അന്നദാനവും ഭക്തിസാന്ദ്രമായി. രാവിലെ എട്ടിന് ക്ഷേത്രത്തിൽ ആനയൂട്ട്, തുടർന്ന് വിദ്യാഭ്യാസ പുരസ്‌കാര വിതരണം എന്നിവ ഉണ്ടായി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു.
താലം, തങ്കരഥം, ഉടുക്കുപാട്ട്, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻ കലാരൂപങ്ങൾ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് രാത്രി എട്ടോടെ വിശ്വനാഥക്ഷേത്രത്തിലെത്തി. വർണ്ണ കാവടികൾ, ഗജവീരന്മാർ, വാദ്യമേളങ്ങൾ എന്നിവയും അകമ്പടിയായി. ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ദീപാരാധനയ്ക്ക് ശേഷം ഗുരുവായൂർ ഭജനമണ്ഡലി ജി.കെ. പ്രകാശൻ സ്വാമിയുടെ നേതൃത്വത്തിൽ ഭക്തിഗാനമേള ഉണ്ടായി.
തുടർന്ന് മണത്തല ജനാർദ്ദനൻ ഗുരുസ്വാമി ആൻഡ് പാർട്ടിയുടെ ഉടുക്കുപാട്ട്, തിരി ഉഴിച്ചിൽ, പാൽക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുംതട എന്നിവ ഉണ്ടായി. ഉച്ചയ്ക്കും,രാത്രിയിലുമായി പതിനായിരം പേർക്ക് അന്നദാനം ഉണ്ടായി.
തത്വമസി ഗൾഫ് കമ്മിറ്റി ഭാരവാഹികളായ പ്രസിഡന്റ് കെ.ബി. ആനന്ദൻ, എൻ.ബി. ബസുരാജ്, എൻ.ബി. ബിനീഷ് രാജ്, ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ഭാരവാഹികളായ ചെയർമാൻ ഡോ. പി.വി. മധുസൂദനൻ, കൺവീനർ സി.എ. സിദ്ധാർഥൻ, വൈസ് ചെയർമാൻമാരായ എൻ.എ. ബാലകൃഷ്ണൻ, എൻ.ആർ. ശിവലിംഗദാസ്, ട്രഷറർ കെ.കെ. സഹദേവൻ, ജോയിന്റ് കൺവീനർമാരായ നെടിയേടത്ത് സുധാകരൻ, കെ.കെ. ശങ്കരനാരായണൻ, കെ.എസ്. വിശ്വനാഥൻ, അത്തിക്കോട്ട് സിദ്ധാർഥൻ, എൻ.എം. സന്തോഷ്, യു.ആർ. പ്രദീപ്, എ.എസ്. സന്തോഷ്, എൻ.വി. ഷാജി, എൻ.കെ. പുഷ്പദാസ് എന്നിവർ ദേശവിളക്ക് മഹോത്സവ പരിപാടിക്ക് നേതൃത്വം വഹിച്ചു.