drown
അഗ്രോ ഡ്രോൺ സംസ്ഥാനതല ഉദ്ഘാടനം ചാഴൂർ പുറത്തൂർ പാടത്ത് മന്ദ്രി വി എസ് സുനിൽകുമാർ നിർവ്വഹിക്കുന്നു

ചാഴൂർ: അഗ്രോ ഡ്രോൺ ഉപയോഗം കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കുമെന്ന് കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽ കുമാർ പറഞ്ഞു. കാർഷിക യന്ത്രവത്കരണ രംഗത്ത് പുതിയ ചുവടുവയ്പ്പായി അഗ്രോ ഡ്രോൺ സംസ്ഥാനതല ഉദ്ഘാടനം തൃശൂർ പുറത്തൂർ കോൾപ്പടവിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

കോട്ടയം മെത്രാൻ കായലിലാണ് കൃഷി വകുപ്പ് ആദ്യമായി ഡ്രോൺ പരീക്ഷിച്ചത്. സാധാരണ രീതിയിൽ സൂക്ഷ്മ മൂലകങ്ങളും കീടനാശിനികളും ചെടികളിൽ പ്രയോഗിക്കുന്നതിനേക്കാൾ വളരെ ഫലപ്രദമായി ഡ്രോൺ ഉപയോഗിച്ച് ചെയ്യാനാകും. കൃഷിക്കാർക്ക് ലാഭകരമാണെന്നതിന് പുറമെ പണിക്കാരെ കിട്ടാത്ത പ്രശ്‌നത്തിന് പരിഹാരവുമാകും.

കാർഷിക സർവകലാശാലയിലെ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്. ഡ്രോൺ ഉപയോഗിച്ച് മരുന്ന് തളിക്കാനും വിത്ത് വിതയ്ക്കാനും രോഗങ്ങൾ കണ്ടുപിടിക്കാനും കഴിയും. ഡ്രോൺ ഉപയോഗത്തിന് കാർഷിക മേഖലയിൽ അനന്തമായ സാദ്ധ്യതകളുണ്ട്. അതേസമയം, വലിയ ഡ്രോൺ ഉപയോഗത്തിന് കേന്ദ്രസർക്കാറിന്റെ അനുമതി ആവശ്യമാണ്.

കൂടാതെ ഡ്രോൺ ഉപയോഗിച്ച് കീടനാശിനി തളിക്കുന്നതിന് പ്രോട്ടോക്കോൾ ഉണ്ടാക്കേണ്ടതുണ്ട്. കാർഷിക രംഗത്തെ യന്ത്രവത്കരണത്തിനായി മുന്നോട്ടുവന്ന ഏതാനും ചെറുപ്പക്കാരുടെ സംരംഭമാണിത്. തെങ്ങിന്റെ മുകളിൽ കയറാതെ കള്ള് ചെത്തുന്ന യന്ത്രം വരെ യുവാക്കൾ വികസിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഓപ്പറേഷൻ കോൾ ഡബിൾ പദ്ധതിയുടെ ഭാഗമായാണ് കൃഷി വകുപ്പ് തൃശൂരിൽ അഗ്രോ ഡ്രോൺ പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി കോൾ പാടത്ത് ഡ്രോൺ ഉപയോഗിച്ചു. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാർഷിക സർവകലാശാല റിസർച്ച് ഡയറക്ടർ ഡോ. പി. ഇന്ദിരാദേവി പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ജോസഫ്, ജില്ലാ പഞ്ചായത്തംഗം ഷീല വിജയകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.സി. ശ്രീദേവി (അന്തിക്കാട്), ലതി വേണുഗോപാൽ (മുല്ലശ്ശേരി), സി.വി. കുരിയാക്കോസ് (പുഴയ്ക്കൽ), എ.വി സുമതി (ചൊവ്വന്നൂർ), അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സുജാത മോഹൻദാസ്, ചാഴൂർ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർപേഴ്‌സൻ വിജി ഷൺമുഖൻ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.വി. സിജുലാൽ, റീന സുരേഷ് തുടങ്ങിയവർ സംബന്ധിച്ചു.