വെള്ളറട: മലയോര അതിർത്തി ഗ്രാമങ്ങളിൽ നിരവധി കശാപ്പ് ശാലകളാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഇവയ്ക്കൊന്നും ആവശ്യമായ ലൈസൻസ് അല്ലെന്നതാണ് വസ്ഥുത. രോഗം ബാധിച്ച് ചത്തവയുടെയും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ഇറച്ചികൾ വില്ക്കുന്ന അറവ് കേന്ദ്രങ്ങളും ഇവയിലുണ്ട്. ആവശ്യത്തിന് വൃത്തിയില്ലാത്ത പരിസരങ്ങളിൽ പ്രവർത്തിക്കുന്ന അറവുശാലകൾ പോലും അധികൃതർ പരിശോധന നടത്താത്തതിൽ ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. വിശ്വസിച്ച് മാംസം വാങ്ങാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാരുടെ പക്ഷം. റോഡുവക്കുകളിലും പബ്ളിക് മാർക്കറ്റുകളിലും യാതൊരുവിധ പരിശോധനകളും കൂടാതെ കശാപ്പുചെയ്ത് ഇറച്ചിയാക്കി വില്പന നടത്തുന്നത്. നിരവധി അനധികൃത അറവുശാലകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഗുരുദരമായ ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഈ അറവ്ശാലകളിൽ നിന്നും ഉണ്ടാകുന്നുണ്ട്. ഞായറാഴ്ചകളിൽ റോഡിന്റെ വക്കുകളിലെല്ലാം കശാപ്പുശാലകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആരുടെയും പരിശോധനകൾ ഇല്ലാത്തതുകാരണം കശാപ്പുകാർക്കും ഒരു ബുദ്ധിമുട്ടുമില്ല. കശാപ്പിനു മുൻമ്പ് കന്നുകാലിയെ ഡോക്ടർമാർ പരിശോധിച്ച് രോഗബാധയില്ലെന്ന് ഉറപ്പുവരത്തേണ്ടതിരിക്കെ അതൊന്നും പാലിക്കപ്പെടുന്നുമില്ല. തമിഴ്നാട്ടിൽ നിന്നും വണ്ടിക്കാളകളെ വരെ കശാപ്പിനായി കൊണ്ടുവരുന്നു.
അടുത്തിടെ രോഗം ബാധിച്ച് ചികിത്സയിലിരിക്കെ ചത്ത കന്നുകാലിയെ രാത്രിയുടെ മറവിൽ കശാപ്പുകാർ വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഇറച്ചിയാക്കി വില്പന നടത്തി. കുറഞ്ഞതുകയ്ക്ക് ചത്ത കാലിയെ കിട്ടിയത് കശാപ്പുകാർക്ക് വൻലാഭം ലഭിച്ചു. യാതൊരു വിധ പരിശോധനയുമില്ലാത്തതാണ് ഇതിനു കാരണം.
മാരകമായ രോഗങ്ങൾ ബാധിച്ച കന്നുകാലികളെ ഒരു വൈദ്യ പരിശോധനയും നടത്താതെ അന്യ സംസ്ഥാനങ്ങളിൽ നിന്നും ചെക്ക് പോസ്റ്റുകൾ വഴി ഇങ്ങോട്ടേക്ക് കടത്തുന്നത്. ഒട്ടും ഹൈജീനിക് അല്ലാത്ത പരിസരങ്ങളിലാണ് ഇവയെ കശാപ്പ് നടത്തുന്നതും. മാലിന്യം നിർമാർജനം ചെയ്യാനുള്ള സൗകര്യങ്ങളും ഇത്തരം കേന്ദ്രങ്ങൾക്ക് ഇല്ല.
മാടുകളെ കൊന്ന് പരസ്യമായി തൂക്കിയിട്ടാണ് കച്ചവടം നടത്തുന്നത്. റോഡുവക്കുകളിൽ കശാപ്പുചെയ്ത മാംസങ്ങൾ കെട്ടിതൂക്കുന്നതുകാരണം റോഡിലെ പൊടിയും മാലിന്യങ്ങളും മാംസത്തോടൊപ്പം ചേർന്നിരുകയും ചെയ്യുന്നു. അനധികൃത കശാപ്പുശാലകൾക്ക് ലൈസൻസുകൾ നൽകി നിയമാനുസൃതം കശാപ്പുചെയ്യുന്നതിനു മുൻമ്പ് പാലിക്കേണ്ട വ്യവസ്ഥകൾ ഉറപ്പുവരുത്തേണ്ടതും ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ചുമതലകളാണെങ്കിലും ആരും ഈഭാഗത്ത് തിരിഞ്ഞുനോക്കുന്നതുമില്ല. ഇതുകാരണം അതിർത്തി ഗ്രാമങ്ങളിൽ തമിഴ്നാട്ടിൽ നിന്നും വ്യാപകമായി പരിശോധന കൂടാതെ കൊണ്ടുവരുന്ന കന്നുകാലികളെയാണ് മാംസമാക്കി വില്പന നടത്തുന്നത്.