1

പൂവാർ: മികവ് പുലർത്തുന്ന സർക്കാർ സ്കൂളുകളുടെ പട്ടികയിൽ തിരുപുറം സർക്കാർ സ്കൂളും ഉണ്ട്. എന്നാൽ ഈ സ്കൂൾ നേരിടുന്ന പ്രധാന വെല്ലുവിളി സ്ഥലപരിമിതിയാണ്. നിലവിൽ സ്കൂൾ നേരിടുന്ന സ്ഥലപരിമിതികൾ എങ്ങനെ പരിഹരിക്കുമെന്ന ചിന്തയിലും കൂടിയാലോചനയിലുമാണ് ബന്ധപ്പെട്ടവർ. ഉണ്ടായിരുന്ന 110 സെന്റിൽ ഇപ്പോൾ അവശേഷിക്കുന്നത് 80 സെന്റ് ഭൂമി മാത്രമാണ്. കാലങ്ങളായി ബാക്കിയുണ്ടായിരുന്ന ഭൂമി കൈയേറ്റക്കാർ അപഹരിച്ചു. എന്നാൽ സ്കൂളിന് ചുറ്റുമതിൽ സ്ഥാപിച്ച് ഒരു പരിധിവരെ കൈയേറ്റം നിയന്ത്രിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സ്കൂൾ അധികൃതർ. എന്നാൽ നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ നിയമപോരാട്ടത്തിലാണ് അധികൃതർ.

തുടർച്ചയായി മികവ് പുലർത്തുന്ന സ്കൂളിനെ സംസ്ഥാന സർക്കാരിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സഹകരണം ലഭിച്ചതുകൊണ്ടുള്ള സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കാനായി എന്നത് ആശ്വാസകരമാണ്. കുട്ടികൾക്കുള്ള ഒരു കളിസ്ഥലമോ, സ്വതന്ത്രമായി നിന്ന് അസംബ്ലി കൂടാനുള്ള ഇടമോ ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ള തെന്നാണ് ഹെഡ്മാസ്റ്റർ പോൾ ക്രിസ്റ്റി പറയുന്നു.

പ്രൈമറി, അപ്പർപ്രൈമറി, ഹൈസ്കൂൾ എന്നിവിടങ്ങളിലായി 520ഓലം കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. പി.ടി.എയുടെ നേതൃത്വത്തിൽ ഇംഗ്ലീഷ്, മലയാളം മീഡിയം പ്രീ പ്രൈമറി ക്ലാസുകളും ഈ കോമ്പൗണ്ടിൽ തന്നെയാണ് നടക്കുന്നത്. ഹയർസെക്കൻഡറിക്ക് പ്രത്യേകം കെട്ടിടം ഉണ്ടെങ്കിലും സ്കൂളിലെ ഇടവേളകൾ പങ്കിടുന്നത് ചെറിയ കുട്ടികൾക്കിടയിലായതും വെല്ലുവിളായായി. ഇതോടെ വ്യത്യസ്ത സമയങ്ങളിലാണ് ഇടവേളകൾ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷെറീന പറയുന്നത്.

ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പെൺകുട്ടികൾക്കായി 7 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടു കുടിയ 'മാനസ' ടോയ്ലെറ്റ് നിർമ്മിച്ചു. ആൺകുട്ടികൾക്കു വേണ്ടി ഇപ്പോൾ പ്രത്യേകം ടോയ്ലെറ്റ് നർമ്മാണം നടന്നുകൊണ്ടിരിക്കുകയാണ്. ഹയർ സെക്കൻഡറിക്കായി 35 ലക്ഷം രൂപ ചെലവഴിച്ച് മൂന്നാം നിലയുടെ നിർമ്മാണവും നടന്നു വരുന്നതായി ജില്ലാ പഞ്ചായത്ത് മര്യാപുരം ഡിവിഷൻ അംഗം ജോസ് ലാൽ പറഞ്ഞു.