ചിറയിൻകീഴ്: കഠിനംകുളം ഗ്രാമപഞ്ചായത്തിലെ ചേരമാൻ തുരുത്ത് ആയുർവേദ ഡിസ്പെൻസറിയെ തീരദേശ ആശുപത്രിയായി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഡിസ്പെൻസറിയുടെ പ്രവർത്തനസമയം ഉച്ചവരെയാണെങ്കിലും രോഗികളുടെ ബാഹുല്യം കാരണം പല ദിവസങ്ങളിലും നാലുമണി വരെയൊക്കെ പ്രവർത്തിക്കാറുണ്ട്.
ക്യാമ്പോ ട്രെയിനിംഗോ നടക്കുമ്പോൾ ഡോക്ടർക്ക് ഇതിൽ പങ്കെടുക്കേണ്ടി വരും. ആ ദിവസങ്ങളിൽ ഡോക്ടറുടെ സേവനവും രോഗികൾക്ക് ലഭ്യമല്ല. കിലോമീറ്ററുകൾ നടന്നും കടത്ത് വള്ളം വഴിയുമാണ് രോഗികൾ ചികിത്സ തേടി ഡിസ്പെൻസറിയിലെത്തുന്നത്.
നിലവിൽ പൊഴിയൂർ തീരം മുതൽ അഞ്ചുതെങ്ങ് വരെയുള്ള ഭാഗങ്ങളിൽ കിടത്തി ചികിത്സിക്കാൻ ആശുപത്രികളില്ല. മുതലപ്പൊഴിയിൽ ബോട്ടപകടങ്ങളും ബോട്ടിന്റെ വിവിധ ഭാഗങ്ങളിൽ തട്ടി പരിക്കേൽക്കുന്നവരും നിരവധിയാണ്. ഇത്തരത്തിൽ പരിക്കേൽക്കുന്നവർക്ക് ഈ മേഖലയിൽ കിടത്തി ചികിത്സ അപര്യാപ്തമായതുകാരണം പലരും നാട്ടു വൈദ്യന്മാരെയാണ് സമീപിക്കുന്നത്. ഇവരിൽ ചിലരൊക്കെ വ്യാജന്മാരുമാണ്. കിടത്തി ചികിത്സിക്കുന്നതിന് ആവശ്യമായ മന്ദിര നിർമാണം ആരംഭിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് റെസലൂഷൻ പാസാക്കിയിട്ടുണ്ട്. നിലവിലെ ജനകീയ ഡോക്ടർ കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി ഡോ.ഷർമദ് ഖാന്റെ വികസനോന്മുഖമായ പ്രവർത്തനങ്ങളിലും പരിചരണത്തിലും ഏറെ സന്തുഷ്ടരാണ് രോഗികളും നാട്ടുകാരും. ഈ ഡോക്ടർക്ക് ഈ വർഷത്തെ മികച്ച ആയുർവേദ ഡോക്ടർക്കുള്ള ചരക അവാർഡ് ലഭിച്ചത് രോഗികൾക്കും നാട്ടുകാർക്കും ഇരട്ടിമധുരമായിരിക്കുകയാണ്.