ayroorpuzhayude-ulbhavast

കല്ലമ്പലം: കേരളത്തിലെ 44 നദികളിൽ ഏറ്റവും ചെറുതും വർക്കല താലൂക്കിൽ ഉൾപ്പെടുന്നതുമായ അയിരൂർ പുഴ നാശത്തിന്റെ വക്കിൽ. പുഴ സംരക്ഷിക്കണമെന്നാവശ്യം ശക്തം. മനുഷ്യന്റെ അനിയന്ത്രിതമായ ഇടപെടലുകളാണ് പുഴ നശിക്കാൻ കാരണം. സർക്കാരോ, സർക്കാർ ഏജൻസികളോ പുഴയെ പരിഗണിക്കാനോ പദ്ധതികളിലുൾപ്പെടുത്താനോ ഇതുവരെ തയാറായിട്ടില്ല.

ഈ നദിയോട് കൃഷിവകുപ്പും ജലവിഭവ വകുപ്പുമെല്ലാം അവഗണനയാണ് കാട്ടുന്നത്. നദി സംരക്ഷണത്തിനായി ഇറിഗേഷൻ വകുപ്പിനെ സമീപിക്കുമ്പോൾ തോടാണെന്ന് പറഞ്ഞു അവഗണിക്കുകയാണ് പതിവെന്ന് നാട്ടുകാർ പറയുന്നു. അയിരൂർ നദിയുടെ സംരക്ഷണത്തിനായി ഒരു സർവേ പോലും നടത്തുന്നതിനിതുവരെ സർക്കാർ ഏജൻസികൾ തയാറായിട്ടില്ല.

നദീതട വികസനവും തടയണകളുടെ നിർമാണവുമൊക്കെയായി കാർഷിക മേഖലയിൽ വമ്പിച്ച മുന്നേറ്റം നടത്താനിരുന്ന പദ്ധതികളെ കുറിച്ചൊന്നും ആസൂത്രണ വിദഗ്ധർ ആലോചിച്ചിട്ടു പോലുമില്ല.

മേഖലയിലെ നീർത്തട സംരക്ഷണത്തിനും കാർഷിക മൃഗ സംരക്ഷണ മേഖലയ്ക്കും അയിരൂർ നദിക്കും വികസന പദ്ധതി കൊണ്ട് ഒരുപാട് മുന്നേറ്റം നടത്താൻ കഴിയും. അടിയന്തരമായി നദിയെപ്പറ്റി സർവേ നടത്തി നദീതട പ്രദേശങ്ങളിലെ കൈയേറ്റമൊഴിവാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതുപോലെ നദിയിലെ മണൽ ഘനനം തടയണം. നദിയുടെ സംരക്ഷണത്തിനായി തൃതല പഞ്ചായത്തുകളുമായി സഹകരിച്ച് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം. നദി സംരക്ഷണത്തിന്റെ ഭാഗമായി പ്രാന്ത പ്രദേശത്തുള്ള നെൽപ്പാടങ്ങൾ നികത്തുന്നതിനെ നിയമം മൂലം മോറട്ടോറിയം ഏർപ്പെടുത്തണമെന്നുമാണ് ഇവരുടെ ആവശ്യം.