ഉള്ളൂർ: പോങ്ങുംമൂട് ജല അതോറിട്ടി പമ്പ് ഹൗസിന് സമീപം വാട്ടർ ടാങ്കിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന അസിസ്റ്റന്റ് എൻജിനിയറുടെ ബൈക്ക് കത്തി നശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പരാതി. പമ്പ് ഹൗസിന് സമീപത്തെ വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടിവി കാമറയിൽ നിന്നു പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടും നടപടി എടുക്കാത്ത മെഡിക്കൽ കോളേജ് പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ സെപ്തംബർ 1ന് രാത്രി ഒന്നരയോടെയായിരുന്നു സംഭവം. കോമ്പൗണ്ടിനുള്ളിൽ അതിക്രമിച്ച് കടന്ന അക്രമി എ.ഇയുടെ ബൈക്ക് അഗ്നിക്കിരയാക്കി. വാട്ടർ ടാങ്കിന് സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും സംഭവ സമയത്ത് ഇയാൾ സ്ഥലത്തില്ലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
ബൈക്ക് എങ്ങനെ കത്തിയെന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നതിനിടെയാണ് സി.സി.ടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തീ കൂടുതൽ പടരുന്നതിന് മുമ്പ് ഫയർഫോഴ്‌സ് സേനാംഗങ്ങളാണ് തീ അണച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരു ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്‌പെൻഡു ചെയ്തിരുന്നു. രാത്രി സംഭവിച്ച അപകടമായതിനാൽ പ്രദേശവാസികൾ പോലും സംഭവം അറിഞ്ഞിരുന്നില്ല. തുടർ അന്വേഷണം എത്രയും പെട്ടെന്ന് പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പ്രദേശ വാസികളുടെ ആവശ്യം.