ഓച്ചിറ ഗുരുകുലത്തിലിരിക്കുന്ന സന്ദർഭം. അവിടെ നടന്ന ക്ളാസിനുശേഷം സദസിലുള്ളവർക്കു സംശയം ചോദിക്കാനുള്ള അവസരം കൊടുത്തു.
ഒരാൾ ചോദിക്കുന്നു: നാരായണഗുരു വന്ന് വളരെ ഉദാത്തമായ തത്ത്വങ്ങളും ഉപദേശങ്ങളും നല്കി. എന്നിട്ടും ഈ കേരളത്തിലെ ജനങ്ങൾ നന്നായില്ലല്ലോ? എന്തുകൊണ്ട്?
''നാരായണഗുരു മാത്രമല്ല ലോകത്തു ഗുരുക്കന്മാരായി ഉണ്ടായിട്ടുള്ളത്. സഹസ്രാബ്ദങ്ങളായിട്ട് എത്രയോ ഗുരുക്കന്മാരും പ്രവാചകന്മാരും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. അവരെല്ലാം ഇതേപോലെ തത്ത്വങ്ങളും അനുഷ്ഠാനങ്ങളും ജനങ്ങൾക്ക് ഉപദേശിച്ചു കൊടുത്തിട്ടുമുണ്ട്. എന്നിട്ടും ലോകർ ഇപ്പോഴും തമ്മിൽ പൊരുതി നശിക്കുന്നു. എന്തുകൊണ്ടാണിത് ?"
''സദുപദേശങ്ങൾ ചെവിക്കൊള്ളാനും അതനുസരിച്ച് ജീവിക്കാനും മനസുവയ്ക്കുന്നത് അപൂർവം പേർ മാത്രം.
''വൈവിദ്ധ്യമെന്നത് പ്രകൃതിനിയമമാണ്. ഒരു വസ്തുപോലെ മറ്റൊന്നിരിക്കില്ല. ഈ വൈവിദ്ധ്യമാണ് പ്രകൃതിസൗന്ദര്യത്തിന്റെ ഒരു രഹസ്യം. ഈ വൈവിദ്ധ്യത്തിൽ പെട്ടതായിരിക്കാം, മനുഷ്യരുടെ സ്വഭാവത്തിലുമുള്ള വൈവിദ്ധ്യം. ഈ വൈവിദ്ധ്യത്തിൽ നന്മയുടെ പൂർണതയായ ഗുരുക്കന്മാരും പ്രവാചകന്മാരും ഋഷിമാരും മുതൽ വഴിക്കൊള്ളക്കാരും കടൽക്കൊള്ളക്കാരും വരെയുള്ളവർ ഉൾപ്പെടും. ഇത്തരത്തിലുള്ള എല്ലാത്തരം മനുഷ്യരും ഉണ്ടായിരിക്കത്തക്കവണ്ണമാണല്ലോ ദൈവം മനുഷ്യരെ പ്രപഞ്ചത്തിന്റെ ഭാഗമായി സൃഷ്ടിച്ചത്.
''അറിവിന്റെയും നന്മയുടെയും പൂർണതയിൽ മനുഷ്യരെക്കൊണ്ടെത്തിക്കുന്ന നാരായണഗുരു തന്നെ പറയുന്നില്ലേ,
''ഭയങ്കരമിദം ശൂന്യം
വേതാളനഗരം യഥാ
തഥൈവ വിശ്വമഖിലം
വ്യകരോദത്ഭുതം വിഭുഃ"
എന്ന്?
വേതാളനഗരം പോലെ ശൂന്യവും ഭയങ്കരവുമായിട്ടാണ് ഈ സമസ്തലോകത്തെയും ആശ്ചര്യകരമാംവണ്ണം വിഭുവായിട്ടുള്ള
ഈശ്വരൻ സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് ഇതിനർത്ഥം. അതിനാൽ ലോകർ മുഴുവൻ നന്നാകാത്തതിൽ പരിദേവനം വേണ്ട. ഗുരുക്കന്മാരുടെ വാക്കുകൾ ഉൾക്കൊണ്ട്, ആ അറിവിന്റെ രഹസ്യം ഗ്രഹിച്ചുകൊണ്ട്, സ്വന്തം ജീവിതം ധന്യമാക്കാൻ നോക്കുക. അറിവില്ലാതെ ജീവിക്കുന്ന സഹജാതരിൽ ഈ അറിവുണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുക. ലോകരെ മുഴുവൻ ഒന്നിച്ച് ഉദ്ധരിക്കാൻ നോക്കണ്ട. ചിലപ്പോൾ ലോകരെ നന്നാക്കാനുള്ള ശ്രമത്തെക്കാൾ വലിയ ശ്രമം തന്നത്താൻ നന്നാക്കാൻ വേണ്ടി വരും!