കിളിമാനൂർ: പന്തു വിള റോഡിലെ തടാകം നാട്ടുകാർ നികത്തി, ഇനിയുള്ള ചെറുകുളങ്ങൾ ആര് നികത്തും. കൊടുവഴന്നൂർ - പന്തു വിള-അംബേദ്കർ കോളനി റോഡിൽ മൂന്നടിയോളം താഴ്ചയിൽ രൂപപ്പെട്ട കുഴിയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാട്ടുകാർ ടിപ്പർ ലോറികളിൽ എത്തിച്ച പത്തോളം ലോഡ് ക്വാറി വേസ്റ്റ് ഉപയോഗിച്ച് നികത്തിയത്. ഒരു പതിറ്റാണ്ടോളമായി റോഡ് തകർന്ന് തരിപ്പണമായി കിടക്കുകയാണ്. കൊടുവഴന്നൂർ സ്കൂൾ ജംഗ്ഷനിൽ നിന്നും അംബേദ്കർ കോളനി വഴി വാമനപുരം നദിയുടെ അരിക് വരെ നീണ്ടു കിടക്കുന്ന രണ്ടര കിലോമീറ്റർ ദൈർഘ്വമുള്ള റോഡ് തകർന്ന് കുണ്ടും കുഴിയുമായി തകർന്നിട്ടും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടികളും ഉണ്ടായില്ല.
നൂറിലേറെ കുടുംബങ്ങളാണ് അംബേദ്കർ കോളനിയിൽ താമസിക്കുന്നത്. നൂറു കണക്കിന് മറ്റു കുടുംബങ്ങളും ഈ പാതയെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. കൊടുവഴന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും റോഡ് തകർന്നത് കാരണം യാത്രാക്ലേശത്തിലായിരുന്നു. നിലവിൽ ഒരു കെ.എസ്.ആർ.ടി.സി ബസ് ഇതു വഴി സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോചനീയാവസ്ഥ കാരണം ബസ് സർവിസ് നിലയ്ക്കുന്ന അവസ്ഥയിലാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 20 ന് അക്കരെയിക്കരെ പോകാൻ കടത്തു വേണം എന്ന തലക്കെട്ടിൽ കേരള കൗമുദി വാർത്ത പ്രസിദ്ധികരിച്ചിരുന്നു. ഇതേ തുടർന്ന് കോൺഗ്രന് കൊടുവഴന്നൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ സമിതി രൂപീകരിച്ച് പിരിവെടുത്ത് പത്തോളം ലോഡ് ക്വാറി വേസ്റ്റ് എത്തിച്ച് ജെ.സി.ബി.യുടെ സഹായത്തോടെ റോഡിലെ തടാകം നികത്തുകയായിരുന്നു. കോൺഗ്രസ് മണ്ഡലം വപ്രസിഡന്റ് വി.വിശ്വംഭരന്റെ നേതൃത്വത്തിൽ വാർഡ് മെമ്പർമാരായ ഷൈജു, ജനകീയ കമ്മിറ്റി അംഗങ്ങളായ പ്രസന്നൻ, രവീന്ദ്രൻ,ഗോപകുമാർ, സുരേഷ് തുടങ്ങിയവരാണ് തടാകം നികത്താൻ രംഗത്തെത്തിയത്. പന്തു വിള-അംബേദ്കർ കോളനിയിലേക്കുള്ള ഏക യാത്ര മാർഗമാണ് ഈ റോഡ്. ഇതേ സമയം റോഡ് പുനരുദ്ധാരണത്തിന് ജില്ലാ പഞ്ചായത്തിൽ നിന്നും ഫണ്ട് അനുവദിച്ചതായും ടെൻഡർ നടപടികൾ നടന്നുവരുന്നതായും പുളിമാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. വിഷ്ണു പറഞ്ഞു.