നേമം: തളർവാതം പിടിപെട്ട ഗൃഹനാഥന് കൈത്താങ്ങായി നേമം പൊലീസ്. മേലാംകോട് ഒരുകാവൂർ വീട്ടിൽ ശിവരാജൻ (62) ആണ് ഒന്നര വർഷമായി രോഗശയ്യയിൽ ജീവിതം തളളിനീക്കുന്നത്. ഭാര്യ ജയകുമാരിയും രോഗിയാണ്. രണ്ട് ആൺമക്കളിൽ ഒരാൾ ഭിന്ന ശേഷിക്കാരനും മറ്റൊരാൾ 10-ാം ക്ലാസ് വിദ്യാർത്ഥിയും. രണ്ടാമത്തെ മകനാണ് പിതാവിനെ പരിചരിക്കുന്നത്. ജയകുമാരിക്ക് മകനെയും ഭർത്താവിനെയും പരിചരിക്കാനുളള ആരോഗ്യമില്ലാത്തതിനാൽ ഇവർ വിഷമത്തിലാണ്. കുടുംബത്തിന്റെ വിഷമത കണ്ടറിഞ്ഞ് നേമം സ്റ്റേഷനിലെ പി.ആർ.ഒ എസ്.ബി.മതിമാൻ ശിവരാജനെ സഹായിക്കാൻ മുന്നോട്ടുവരികയായിരുന്നു. മതിമാന്റെ കാരുണ്യവും സഹായവും കണ്ട് രണ്ടുപേർ സാമ്പത്തിക സഹായം ചെയ്യാമെന്നേൽക്കുകയായിരുന്നു. ശാന്തിവിള സർവ്വോദയം അസോസിയേഷൻ പരിധിയിലെ അർച്ചനയിൽ പ്രേംകുമാർ (64), പൂഴിക്കുന്ന് മരിയ വില്ലയിൽ പ്രദീപ് (37) എന്നിവർ അയ്യായിരം രൂപ വീതം സ്വരൂപിച്ച് 10,000 രൂപ ശിവരാജന് നൽകി.