lake

ലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് അഗ്നി പർവത സ്‌ഫോടനത്തെ തുടർന്ന് ഉത്ഭവിച്ച യെല്ലോ സ്‌റ്റോൺ മേഖലയിലെ ഉഷ്‌ണജല പ്രവാഹങ്ങളും വാതകങ്ങൾ പുറന്തള്ളുന്ന മലനിരകളും, വെള്ളച്ചാട്ടങ്ങളുമൊക്കെ വളരെ പ്രസിദ്ധമാണ്. യെല്ലോ സ്‌റ്റോൺ നാഷണൽ പാർക്കിലെ മുഖ്യആകർഷണ കേന്ദ്രമാണ് ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് എന്ന ഉഷ്‌ണജല പ്രവാഹം. പ്രിസത്തിലൂടെ പ്രകാശം കടത്തി വിടുമ്പോൾ മഴവില്ല് വിരിയുന്നത് പോലെ ചുവപ്പ്, ഓറഞ്ച്, മഞ്ഞ, പച്ച, നീല തുടങ്ങിയ നിറങ്ങൾ വാരി വിതറിയ പോലെയാണ് ഈ ജലപ്രവാഹം.

160 അടി താഴ്‌ചയുള്ള ജലപ്രവാഹത്തിന് 370 അടി വ്യാസമുണ്ട്.

ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗിന് സമീപത്ത് തന്നെ 50 അടി നീളമുള്ള ഉഷ്‌ണ ജലധാരയുമുണ്ട്. ഭംഗി ആസ്വദിക്കുന്നതിനിടെ അറിയാതെ ജലപ്രവാഹത്തിലേക്ക് വീണാൽ സ്ഥിതിയെല്ലാം മാറും. 70 ഡിഗ്രി സെൽഷ്യസുള്ള 2,100 ലിറ്റർ ജലമാണ് ഓരോ മിനിറ്റിലും ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗിൽ നിന്നും പുറത്തുവരുന്നത്. ചൂടുകാലത്ത് ഇവിടത്തെ ഊഷ്‌മാവ് വൻതോതിൽ ഉയരും. 1870 മുതൽ 20ലേറെ പേർ ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗ് ഉൾപ്പെടെയുള്ള യെല്ലോ സ്‌റ്റോണിലെ ഉഷ്‌ണജല പ്രവാഹങ്ങളിൽ വീണ് മരിച്ചിട്ടുണ്ട്.

ധാതു സമ്പുഷ്‌ടമായ ജലത്തിൽ കാണപ്പെടുന്ന സൂഷ്‌മ ജീവികളാണ് ഗ്രാൻഡ് പ്രിസ്‌മാറ്റിക് സ്‌പ്രിംഗിന്റെ വ്യത്യസ്ത നിറങ്ങൾക്ക് കാരണം. ഊഷ്‌മാവിന്റെ അടിസ്ഥാനത്തിൽ ഈ നിറങ്ങൾക്ക് വ്യത്യാസം വരും. വസന്തകാലത്ത് ഇത് ഓറഞ്ച്, ചുവപ്പ് നിറങ്ങളിലും ശൈത്യകാലത്ത് കടും പച്ച നിറത്തിലും കാണപ്പെടുന്നു. ജലപ്രവാഹത്തിന്റെ നടുഭാഗത്ത് അതി കഠിനമായ ചൂടായതിനാൽ ഇവിടം ശൂന്യമാണ്. ആഴം കൂടിയ ഈ ഭാഗത്തെ നീല നിറം വെള്ളത്തിന്റെ സ്വാഭാവിക നിറമാണ്. അമേരിക്കയിലെ ഏറ്റവും വലുതും ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തേതുമായ ഉഷ്‌ണജല പ്രവാഹമാണ് ഗ്രാൻഡ് പ്രിസ്‌മാറ്റിക് ഉഷ്‌ണജല പ്രവാഹം.