തിരുവനന്തപുരം: കരമന കാലടിയിലെ കൂടത്തിൽ തറവാട്ടിൽ നടന്ന കോടികളുടെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും സംബന്ധിച്ച പരാതികളിൽ ആദ്യഘട്ടത്തിലെ അന്വേഷണത്തിലും തെളിവെടുപ്പിലും വീഴ്ച വരുത്തിയ കരമന സ്റ്റേഷനിലെ ചില പൊലീസുകാരും കുടുങ്ങിയേക്കുമെന്ന് സൂചന. ഇതുസംബന്ധിച്ച അന്വേഷണവും പ്രത്യേക സംഘം നടത്തുന്നതായി അറിയുന്നു. എന്നാൽ, കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ അന്വേഷണ സംഘം തയാറാവുന്നില്ല. കൂടത്തിൽ തറവാട്ടിലെ കോടികളുടെ സ്വത്തുക്കൾ വ്യാജരേഖ ചമച്ചും കൃത്രിമം കാട്ടിയും തട്ടിയെടുത്തെന്ന് കാട്ടി ഒരുകൊല്ലം മുമ്പ് നൽകപ്പെട്ട പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വീഴ്ചവരുത്തിയ പൊലീസുദ്യോഗസ്ഥരാണ് നിരീക്ഷണത്തിലുള്ളത്.
കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻനായർ ചില റവന്യു ഉദ്യോഗസ്ഥരുടെ ഒത്താശയോടെ തറവാട്ടുവകയായ എട്ടേക്കറിലധികം വസ്തുക്കൾ കുടുംബാംഗങ്ങളിൽ ചിലരുടെയും തന്റെയും പേരിൽ ആധാരം നടത്തുകയും വിറ്റഴിക്കുകയും ചെയ്തുവെന്നായിരുന്നു പരാതി. ഇക്കാര്യത്തിൽ പക്ഷേ, ആദ്യഘട്ടത്തിൽ കാര്യമായ അന്വേഷണം നടന്നില്ല. കൂടത്തായി കൊലപരമ്പരക്കേസ് കോളിളക്കം സൃഷ്ടിച്ചതോടെയാണ് കൂടത്തിൽ വീടുമായി ബന്ധപ്പെട്ട് വീണ്ടും നൽകപ്പെട്ട പരാതിയിൽ ഇപ്പോൾ ഊർജിതമായ അന്വേഷണം നടക്കുന്നത്. അതോടെയാണ് അന്ന് കേസന്വേഷിച്ച ചില ഉദ്യോഗസ്ഥർ നിരീക്ഷണത്തിലായത്. എന്തുകൊണ്ട് പരാതിയിൽ കാര്യമായ അന്വേഷണം അന്ന് നടത്തിയില്ലെന്നാണ് അന്വേഷിക്കുന്നത്. ഇതുവഴി പൊലീസുകാർക്ക് ആർക്കെങ്കിലും നേട്ടമുണ്ടായോ എന്നതും അന്വേഷണ പരിധിയിലാണ്. സംഗതി സത്യമാണെന്ന് കണ്ടാൽ അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കുമെന്നും സൂചനയുണ്ട്.
കൂടത്തിൽ തറവാട്ടുവകയായ ഏക്കറുകണക്കിന് നിലങ്ങൾ നികത്തുകയും വസ്തുക്കൾ പ്ലോട്ട് തിരിച്ച് വിൽക്കുകയും ചെയ്തതിന് പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയ്ക്കടക്കം പങ്കുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. സ്ഥലങ്ങളിൽ പലതിന്റെയും ആധാരവും രേഖകളും റിയൽ എസ്റ്റേറ്റ് മാഫിയയിൽപ്പെട്ട ചിലരുടെ കൈയിലുള്ളതായ വിവരവും പുറത്തുവരുന്നുണ്ട്. വസ്തുക്കൾ വിൽപ്പന നടത്താനായി രവീന്ദ്രൻനായരാണ് റിയൽ എസ്റ്റേറ്റ് സംഘത്തിന് രേഖകൾ കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിരീക്ഷണം.
ജയമാധവന്റെ മരണശേഷം രവീന്ദ്രൻനായർ തയാറാക്കിയ വിൽപത്രത്തിലെ സാക്ഷിപ്പട്ടികയിലും റിയൽ എസ്റ്റേറ്റ്, നിലം നികത്ത് മാഫിയയിലുൾപ്പെട്ട രാഷ്ട്രീയ സ്വാധീനമുള്ള ചിലരുണ്ടെന്നും പറയപ്പെടുന്നു. ഒരു പ്രാദേശിക നേതാവും ഇതിലുണ്ടത്രേ. ജയമാധവൻ നായർ മരിക്കും മുമ്പ് കൂടത്തിൽ വീട്ടിൽ വച്ച് തയാറാക്കിയെന്ന് പറയപ്പെടുന്ന വിൽപത്രത്തിൽ സാക്ഷിയായി ഒപ്പിട്ടവരിലും ഇവരിൽ ചിലരുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. പൊലീസുകാരും വിവിധ സർക്കാർ വകുപ്പുകളിലും ജോലിനോക്കുന്നവരും ബിസിനസുകാരുമുൾപ്പെടെയുള്ളവരെ വസ്തു ഇടപാടുമായി ബന്ധപ്പെടുത്തിയതിലെ കണ്ണികൾ ഇവരൊക്കെയായിരുന്നു എന്നും പറയപ്പെടുന്നു.
ജയമാധവന്റെ മരണവുമായി ബന്ധപ്പെട്ട് അന്ന് നടത്തിയ അന്വേഷണത്തിലും ചില പൊലീസുകാർ വീഴ്ച വരുത്തിയതായി ആരോപണമുണ്ട്. മരണകാരണം കണ്ടെത്താൻ അന്വേഷണസംഘം ഇപ്പോൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്കും പ്രയാസങ്ങൾക്കും ഉത്തരവാദികൾ അന്ന് കേസ് അന്വേഷിച്ച ചില ഉദ്യോഗസ്ഥരാണ്. തലയ്ക്ക് പരിക്കേറ്റ് ജയമാധവനെ അബോധാവസ്ഥയിൽ വീട്ടിനുളളിൽ കണ്ടെത്തിയതായി രവീന്ദ്രൻനായർ നൽകിയ മൊഴിയിൽ കൂടുതൽ അന്വേഷണം അന്ന് നടന്നിരുന്നില്ല. വീട്ടിനുള്ളിൽ നിന്ന് തെളിവുകൾ ശേഖരിച്ചതുമില്ല. രവീന്ദ്രൻനായർ നിർദേശിച്ച ആളുകളെ മാത്രമാണ് ജയമാധവന്റെ കേസിൽ അന്ന് സാക്ഷിയാക്കിയത്. വീട്ടിനുള്ളിൽ മറിഞ്ഞുവീണ് കിടന്ന ജയമാധവന് തലയിൽ പരിക്കേറ്റതെങ്ങനെയെന്നോ മുറിവിന്റെ സ്വഭാവമോ പരിശോധിക്കപ്പെട്ടില്ല. അബോധാവസ്ഥയിൽ തറയിൽ കിടക്കുകയായിരുന്ന ജയമാധവനെ ഒറ്റയ്ക്ക് താങ്ങിയെടുത്ത് കട്ടിലിൽ കിടത്തിയെന്ന രവീന്ദ്രൻനായരുടെ മൊഴിയിലും അന്ന് പൊലീസുകാർക്കാർക്കും സംശയം തോന്നിയില്ല. ജയമാധവനെ പരിക്കേറ്റ നിലയിൽ കാണപ്പെട്ട മുറി കഴുകി തുടച്ചതും പൊലീസ് പരിഗണിച്ചില്ല. ജയമാധവന്റെ മുറിയോ വീടോ സീൽ ചെയ്യാതിരുന്നതും അന്നത്തെ വീഴ്ചയായി ഇപ്പോഴത്തെ അന്വേഷണ സംഘം വിലയിരുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ സമഗ്രമായ അന്വേഷണം നടത്തിയേക്കും.
അമൂല്യ വസ്തുക്കൾ കാണാനില്ലെന്ന് മൊഴി
തലമുറകളായി കോടികളുടെ സ്വത്തുക്കളുണ്ടായിരുന്ന കൂടത്തിൽ തറവാട്ടിൽ നിന്ന് ജയപ്രകാശിന്റെയും ജയമാധവന്റെയും മരണശേഷം വിലപിടിപ്പുള്ള പലതും അപഹരിക്കപ്പെട്ടതായി പരാതിക്കാരി പ്രസന്നകുമാരിയുടെ പുതിയ മൊഴി. പ്രസന്നകുമാരിയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസമാണ് പ്രത്യേക സംഘം മൊഴിയെടുത്തത്. തലമുറകളായി കൂടത്തിൽ തറവാട്ടിലുണ്ടായിരുന്നതും അമൂല്യമായതുമായ ആഭരണങ്ങൾ, പിത്തളയിലും ചെമ്പിലും ഓടിലും തീർത്ത അത്യപൂർവമായ പാത്രങ്ങൾ, വലിയ ഉരുളികൾ, വാർപ്പുകൾ, തടിയിലും മറ്റും നിർമ്മിച്ച വീട്ടുപകരണങ്ങൾ, സ്വത്തുക്കളുടെ പ്രമാണങ്ങൾ, റവന്യൂരേഖകൾ തുടങ്ങിയവ തിരിച്ചുകിട്ടാനാകാത്ത വിധം നഷ്ടപ്പെട്ടതായി പ്രസന്നകുമാരി പരാതിപ്പെട്ടു. ഇവ സൂക്ഷിച്ചിരുന്ന മുറി ജയപ്രകാശാണ് കൈകാര്യം ചെയ്തിരുന്നത്. ജയപ്രകാശിന്റെ മരണശേഷം മുറിയുടെ താക്കോൽ കാര്യസ്ഥൻ രവീന്ദ്രൻനായരുടെ കൈയിലായി. ജയമാധവൻ കൂടി മരണപ്പെട്ടതോടെ ഇവയെല്ലാം ഇവിടെ നിന്ന് കടത്തിക്കൊണ്ടുപോയതായാണ് കരുതുന്നത്. ഉപയോഗശൂന്യമായതും ആർക്കും വേണ്ടാത്തതുമായ ചില തടി ഉപകരണങ്ങളും മൺഭരണികളും മാത്രമാണ് കൂടത്തിൽ തറവാട്ടിൽ ശേഷിക്കുന്നതെന്നും പ്രസന്നകുമാരി പറഞ്ഞു. പ്രസന്നകുമാരിയുടെ മൊഴി ശരിയാണെന്ന് ബോദ്ധ്യപ്പെട്ടാൽ സാധനങ്ങൾ കവർച്ച ചെയ്തതിന് ഒരു പുതിയ കേസ് കൂടി അന്വേഷണ സംഘം ചാർജ് ചെയ്തേക്കും.
കൂടത്തിലിന്റെ ഗേറ്ര് പൂട്ടി രവീന്ദ്രൻനായർ
കോടികളുടെ സ്വത്ത് തട്ടിപ്പും ദുരൂഹമരണങ്ങളും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെ അന്വേഷണ പരിധിയിലുള്ള കൂടത്തിൽ വീടിന്റെ ഗേറ്റ് കാര്യസ്ഥൻ രവീന്ദ്രൻനായർ കഴിഞ്ഞദിവസം പുതിയ പൂട്ടിട്ട് പൂട്ടിയത് പൊലീസിനെ അമ്പരപ്പിച്ചു. അന്വേഷണവും മൊഴിയെടുപ്പും തുടരുകയും വീട് പൊലീസ് നിരീക്ഷണത്തിലാക്കിയതിനും പിന്നാലെയാണ് ആരുമറിയാതെ രവീന്ദ്രൻ നായർ ഗേറ്റ് പൂട്ടിയത്. ഇത് രവീന്ദ്രൻ നായർതന്നെ ചെയ്തതാണോ കൂട്ടാളികളെ ഉപയോഗിച്ചാണോ എന്നത് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കൂടത്തിൽ കേസറിഞ്ഞ് നിരവധിപേരാണ് കാലടിയിലെ വീട് കാണാൻ വന്നുകൊണ്ടിരുന്നത്. സന്ദർശകർ വീടിന്റെ കോമ്പൗണ്ടിലും പൂമുഖത്തും കടന്ന് ഫോട്ടോയും വീഡിയോയുമെടുക്കുന്നതും അവ സമൂഹമാദ്ധ്യമങ്ങളിൽ ഷെയർ ചെയ്യുന്നതും പതിവായിരുന്നു. ഇത് തടയാൻ വേണ്ടിയാണോ അതോ, അന്വേഷണം തടസപ്പെടുത്താൻ ചെയ്തതാണോ എന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്.