rose-wood

കിളിമാനൂർ: സി.പി.എം അന്വേഷണ കമ്മിഷൻ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന് വേണ്ടി വിശദീകരണ കത്ത് നൽകിയ ലോക്കൽ കമ്മിറ്റി അംഗത്തിന് ഡി.വൈ.എഫ്.ഐയിൽ അർഹമായ പരിഗണന നൽകി പദവിയിൽ നിലനിർത്തിയത് പാർട്ടി പ്രവർത്തകർക്കിടയിൽ മുറുമുറുപ്പിനിടയാക്കി. പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്തിൽ ചെമ്പകശ്ശേരി വാർഡിലെ ബഡ്സ് സ്കൂൾ വളപ്പിലുണ്ടായിരുന്ന ഈട്ടിത്തടി മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദ വിഷയത്തിലാണ് സി.പി.എം ലോക്കൽ കമ്മിറ്റി അംഗമായ ഡി.വൈ.എഫ്.ഐ നേതാവിനെതിരെ പാർട്ടി നടപടിക്കൊരുങ്ങിയത്.

ഈട്ടിത്തടി മുറിച്ച് കടത്തിയതുമായി ബന്ധപ്പെട്ട് പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മെമ്പർക്കെതിരേ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ, ഈട്ടിത്തടി മുറിച്ച് കടത്തലിൽ പഞ്ചായത്തംഗത്തിന് മാത്രമല്ല മറ്റ് ചിലർക്ക് കൂടി പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ ഭാഗമായി സി.പി.എം കിളിമാനൂർ ഏരിയാ കമ്മിറ്റി മൂന്നംഗ കമ്മിഷനെ അന്വേഷണത്തിനായി നിയോഗിച്ചു. ഒരു മാസക്കാലത്തെ അന്വേഷണത്തിനു ശേഷം റിപ്പോർട്ട് ഏരിയാ കമ്മിറ്റിയിൽ അവതരിപ്പിച്ചു. അന്വേഷണ റിപ്പോർട്ടിൽ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന് ഈട്ടിത്തടി മുറിച്ച് കടത്തലുമായി ബന്ധപ്പെട്ട് പങ്കുണ്ടെന്ന് മൊഴികളിൽ പരാമർശമുണ്ടായിരുന്നു. അന്വേഷണം സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് വേണ്ടി പഴയകുന്നുമ്മേൽ, അടയമൺ ലോക്കൽ കമ്മിറ്റികൾ വെവ്വേറേ യോഗം ചേർന്നിരുന്നു. തുടർന്ന് ഇരു ലോക്കൽ കമ്മിറ്റികളേയും ഏരിയാ കമ്മിറ്റി ഓഫീസിൽ ഒരുമിച്ച് വിളിച്ചു ചേർക്കുകയും വിവാദ വിഷയം ചർച്ച ചെയ്യുകയും ചെയ്തു.

തുടർന്ന് അന്വേഷണ റിപ്പോർട്ടിന് അനുബന്ധമായ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ഡി.വൈ.എഫ്.ഐ നേതാവിന് നൽകി. എന്നാൽ, ഈ നേതാവിന് അടുത്തിടെ നടന്ന ഡി.വൈ.എഫ്.ഐ മേഖലാ സമ്മേളനത്തിൽ സുപ്രധാന പദവി നിലനിറുത്തികൊടുത്തു എന്നാണ് പാർട്ടിയിൽ ഉയരുന്ന ആരോപണം. ഇക്കാര്യത്തിൽ പ്രദേശിക തലത്തിൽ സി.പി.എമ്മിനുള്ളിലും ഡി.വൈ.എഫ്.ഐക്കുള്ളിലും അസ്വാരസ്യങ്ങൾ പുകയുകയാണ്.