കല്ലമ്പലം : ന​ഗരൂർ പഞ്ചായത്തിലെ കളത്തറ മുക്ക് - വെള്ളല്ലൂർ - മാത്തയിൽ, ആലത്തുകാവ്, ഇടവനകോണം, കേശവപുരം സാമൂഹികാരോ​ഗ്യകേന്ദ്രം റോഡുകളുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പഞ്ചായത്ത് ഭരണസമിതി വാർത്താകുറിപ്പിൽ അറിയിച്ചു. പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായിരുന്ന ഈ റോഡുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്തിന്റെ നിരന്തരമായ നിവേദനങ്ങളുടെ ഫലമായി പൊതുമരാമത്ത്‌ വകുപ്പ് നബാർഡ് ഫണ്ടിൽ നിന്നുമാണ് പത്തരകോടി രൂപ അനുവദിച്ചത്. എട്ട് മീറ്റർ വീതിയിൽ റോഡ് ഏറ്റെടുക്കുന്നതിന് പല സ്ഥലങ്ങളിലും തടസങ്ങൾ നിലനിന്നിരുന്നു.- എന്നാൽ പഞ്ചായത്ത് എൽ.ഡി.എഫ് ഭരണസമിതിയുടെ ഇച്ഛാശക്തിയിൽ തർക്കങ്ങൾ രമ്യമായി പരിഹരിക്കാൻ കഴിഞ്ഞു. അഞ്ചര മീറ്റർ വീതിയിൽ നിർമ്മിക്കുന്ന റോഡ് അത്യാധുനിക ബി.എം.ബി.സി നിലവാരത്തിലാണ് ടാറിം​ഗ് നടത്തുന്നത്. ആദ്യ ഘട്ടമായി പാർശ്വഭിത്തികൾ കെട്ടിയും, കലുങ്ക്, ഓടകൾ എന്നിവ നിർമ്മിച്ചും റോഡിന്റെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുമുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. എന്നാൽ മാസങ്ങളായി ശക്തമായി പെയ്യുന്ന കനത്ത മഴ മൂലവും, ചില സ്ഥലങ്ങളിൽ നിലനിന്നിരുന്ന തർക്കങ്ങൾ മൂലവും ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ തുടങ്ങുവാൻ കഴിഞ്ഞിട്ടില്ല. മഴക്കാലം കഴിഞ്ഞാലുടൻ രണ്ട് മാസത്തിനുള്ളിൽ തന്നെ ടാറിംഗ് ജോലികൾ ഉൾപ്പെടെ പൂർത്തിയാക്കി ആധുനിക രീതിയിൽ നവീകരിക്കുന്ന ഈ റോഡുകൾ ഗതാഗതത്തിനായി നാടിന് സമർപ്പിക്കുവാൻ കഴിയുമെന്ന് നഗരൂർ പഞ്ചായത്ത് പ്രസിഡന്റ് എം. രഘു, വികസന സ്ഥിരംസമിതി അദ്ധ്യക്ഷൻ കെ. അനിൽകുമാർ എന്നിവർ അറിയിച്ചു.