dhanasahayam

മുടപുരം: ആറ്റിങ്ങൽ പൂവൻപാറ പാലത്തിന് സമീപം കെ.എസ്.ആർ.ടി.സി സൂപ്പർ ഫാസ്റ്റും കാറും കൂട്ടിയിടിച്ച് മരിച്ച സി.പി.എം പ്രവർത്തകൻ ഷമീറിന്റെ കുടുംബത്തിന് സി.പി.എം കിഴുവിലം, കൂന്തള്ളൂർ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി സമാഹരിച്ച 1,04,200 രൂപ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ ധനസഹായമായി കൈമാറി.
ചിറയിൻകീഴ് എൻ.ഇ.എസ് ബ്ലോക്കിന് സമീപം ലാത്തറ വീട്ടിൽ ഷാജഹാന്റെ മകൻ സി.പി.എം എൻ.ഇ.എസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഷമീറിന്റെ കുടുംബത്തിനാണ് സഹായം നൽകിയത്. ഷമീറിന്റെ വീട്ടിലെത്തി ഭാര്യ സാഹിറയ്ക്കും മക്കൾ ഷബാഷ്, ഷമാത്ത് എന്നിവർക്കുമാണ് സഹായം കൈമാറിയത്. സി.പി.എം ആറ്റിങ്ങൽ ഏരിയാ സെക്രട്ടറി അഡ്വ. എസ്. ലെനിൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ ജി. വേണുഗോപാലൻ നായർ, എസ്. ചന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ കൂടത്തിൽ ഗോപിനാഥൻ, വി.എസ്. വിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു.