jjj

നെയ്യാറ്റിൻകര : ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയായി വെൺപകൽ, കുന്നാംതേരി പ്രദേശങ്ങളിലെ കുന്നുകൾ രാത്രികാലങ്ങളിൽ വ്യാപകമായി ഇടിക്കുന്നതായി പരാതി. ടിപ്പറുകളും ജെ.സി.ബിയും ഉപയോഗിച്ച് രാത്രിയിൽ ശബ്ദത്തോടെ കുന്നിടിക്കുന്നത് കാരണം ഈ പ്രദേശത്തെ ജനങ്ങളാകെ ബുദ്ധിമുട്ടിലാണ്. മൺകുന്നുകൾ ഈ പ്രദേശത്തുള്ളതിനാൽ കിലോമീറ്ററോളം ദൂരത്തിൽ വേനൽക്കാലത്ത് പോലും കിണറുകളിൽ ജലം വറ്റാറില്ലായിരുന്നതായി നാട്ടുകാർ പറയുന്നു. അറുപത് അടിയോളം ഉയരമുണ്ടായിരുന്ന കുന്നുകൾ ഇടിച്ച് നിരത്തി ഏതാണ്ട് നാല്പത് അടിയോളം താഴ്ചയിലും മണ്ണെടുത്തത് കാരണം മഴക്കാലത്ത് പോലും ഇവിടത്തെ കിണറുകളിൽ ജലമില്ലാതായി. ഒരു സ്പോഞ്ചു പോലെ മഴക്കാലത്ത് സംഭരിക്കുന്ന ജലം വേനൽക്കാലത്ത് ഭൂമിയിലേക്ക് ഊർന്നിറങ്ങുന്നത് കാരണം ഒരു കാലത്തും വെൺപകൽ പ്രദേശത്തെ കൃഷിഭൂമിയിലെ മേൽമണ്ണ് ജലരഹിതമായി മാറാറില്ലത്രേ. എന്നാൽ പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ താളംതെറ്റിക്കുന്ന രീതിയിലാണ് ഇവിടത്തെ കുന്നിടിക്കൽ. നാട്ടുകാരുടെ എതിർപ്പു കാരണം നിറുത്തി വച്ചിരുന്ന കുന്നിടിക്കൽ ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്. മഴക്കാലമെത്തിയതോടെ കുന്നുകൾ ഇടിച്ച കുഴികളിൽ വെള്ളം കെട്ടി നിന്ന് സമീപവാസികൾക്ക് ഭീഷണിയായി മാറി. ഇവിടെ നിന്നും ഒഴുകിയെത്തുന്ന ജലം വീടുകളുടെ മുറ്റത്ത് കെട്ടിക്കിടക്കുന്നത് കാരണം വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. ഈ വീടുകൾ ഏതു സമയത്തും നിലം പതിക്കുമെന്ന സ്ഥിതിയിലാണ്. മഴക്കാലം തുടങ്ങിയതോടെ ഭയപ്പാടോടെയാണ് പ്രദേശവാസികൾ ഈ വീടുകളിൽ താമസിക്കുന്നത്.

കൃഷിയെയും ബാധിച്ചു

വെൺപകൽ പ്രദേശത്തെ ഹെക്ടർ കണക്കിന് കൃഷിഭൂമിയിലേക്ക് ജലം എത്തിയിരുന്നത് സമീപ പ്രദേശത്തെ കുളങ്ങളിൽ നിന്നുമാണ്. ഒരു ഭാഗത്ത് കുന്നുകൾ വിസ്മൃതമായതോടെ കുളങ്ങളിലേക്കുള്ള വേനൽക്കാല നീരൊഴുക്കും കുറഞ്ഞു. കുളങ്ങളിൽ ജലം ഇല്ലാതായതോടെ നിലങ്ങളെല്ലാം തരിശ് ഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.

പരാതികൾ ജലരേഖകൾ

അതിയന്നൂർ ഗ്രാമപഞ്ചായത്തിലും നെയ്യാറ്റിൻകര തഹസിൽദാർക്കും നിരവധി തവണ പരാതി നൽകിയിട്ടും ഫലമില്ലെന്ന് നാട്ടുകാർ പറയുന്നു. കുന്നുകൾ സ്ഥതി ചെയ്യുന്ന വസ്തു ഉടമകൾ മണ്ണ് വിറ്റതാകാം കാരണമെന്നാണ് അധികൃതരുടെ കണ്ടെത്തൽ. എന്നാൽ അനധികൃതമായി മണ്ണ് നീക്കം ചെയ്യുന്നത് അധികൃതർക്ക് നിയന്ത്രിക്കാമെന്നിരിക്കെ അതും ചെയ്യുന്നില്ലത്രേ.