commando

തിരുവനന്തപുരം: വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിക്കുന്നതിലുണ്ടായ പൊലീസ് വീഴ്ചയ്‌ക്കെതിരെ പ്രകടനം നടത്തുന്നതിനിടെ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയോട് വനിതാ പൊലീസിന്റെ ക്രൂരത. മാറിൽ പിടിച്ചു വലിച്ചെന്നും കഴുത്തിൽ ഞെക്കിപ്പിടിച്ചെന്നുമാണ് പരാതി.

ചൊവ്വാഴ്ച മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരം അയ്യങ്കാളി ഹാളിനു മുന്നിൽ പ്രതിഷേധപ്രകടനം നടത്തുമ്പോഴായിരുന്നു പൊലീസിന്റെ ക്രൂരമായ പെരുമാറ്റം നേരിടേണ്ടിവന്നത്. അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിക്കു തൊട്ടുമുമ്പായിരുന്നു ഇത്. സംഭവത്തിൽ വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 48 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടു. റിപ്പോർട്ട് ലഭ്യമായശേഷം തുടർനടപടികളിലേക്ക് കടക്കുമെന്ന് കമ്മിഷന്റെ പത്രക്കുറിപ്പിൽ പറയുന്നു. മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നൽകിയിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് ശ്രീജ നെയ്യാറ്റിൻകര പറയുന്നതിങ്ങനെ: ''മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാൽ അയ്യങ്കാളി ഹാൾ പരിസരത്ത് ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു. വെൽഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ 30 ഓളം പ്രവർത്തകർ രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നു ജാഥയായി അയ്യങ്കാളി ഹാളിനു മുന്നിലേക്ക് പോയി. വാതിലിന് അടുത്തെത്തും മുമ്പേ തിരമാലകൾ പോലെ വനിതാ പൊലീസ് വളഞ്ഞു. 'അവളെ പിടിച്ച് അകത്തോട്ടിട്' എന്നൊരു പൊലീസ് ഓഫീസറുടെ ആക്രോശം കേട്ടു. എന്നോടൊപ്പം എഴുത്തുകാരിയായ വിനീതാ വിജയനുമുണ്ടായിരുന്നു. പൊലീസ് വലയത്തിലായ ഞങ്ങളെ അവർ തള്ളി അമർത്തുന്നുണ്ടായിരുന്നു. അപ്പോഴാണ് ഒരു വനിതാ സി.ഐയും വനിതാ എസ്.ഐയും എന്റെ അരികിലെത്തിയത്. എന്റെ കൈകൾ അവരിലൊരാൾ പൊക്കിപ്പിടിച്ചു. വനിതാ പൊലീസുകാർ എന്റെ മാറിടങ്ങൾ പിടിച്ച് ഞെരിച്ച് വലിച്ചു. ഞാൻ വേദനകൊണ്ടും അപമാനഭാരത്താലും പുളഞ്ഞു. ഒപ്പം കഴുത്തിലും ഞെക്കിപ്പിടിച്ചു. പിടിച്ചുവലിച്ച് പൊലീസ് വണ്ടിയിലേക്ക് കയറ്റി. സ്റ്റേഷനിലെത്തിയപ്പോഴേക്കും വിനീത കുഴഞ്ഞുവീണു. വിനീതയെയും പിടിച്ചു വലിക്കുകയും സാരി വലിച്ചു കീറുകയും ചെയ്തിരുന്നു.

അപ്പോൾ കുഴപ്പമാകും ജാമ്യത്തിൽ വിട്ടയച്ചേര് എന്നായി സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ.

വിനീതയെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് പറഞ്ഞ് ഞാൻ വിളിച്ചുകൂവി. അപ്പോഴാണ് ആംബുലൻസ് വിളിച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് തയ്യാറായത്. ആശുപത്രിയിൽ വച്ച് പരസ്പര ജാമ്യത്തിൽ വിട്ടെന്നു പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു. എന്റെ ശബ്ദം പോയി. ഈ നാട്ടിൽ പ്രതിഷേധ പ്രകടനം നടത്തിയാൽ ഇതാണോ അവസ്ഥ. എനിക്ക് ഒരു മകളാണുളളത്. വാളയാറിലെ പെൺകുട്ടികൾക്ക് ഉണ്ടായ സ്ഥിതി ഇനി മറ്റൊരു പെൺകുട്ടിക്കുണ്ടാവരുത്." ശ്രീജ പറയുന്നു