e-fasiludeen-pathaka-uyar

കല്ലമ്പലം: കടുവയിൽ തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ നബിദിനാചരണ പരിപാടികൾക്ക് തുടക്കമായി. കെ.ടി.സി.ടി പ്രസിഡന്റ് ഇ. ഫസിലുദ്ദീൻ ഇന്നലെ രാവിലെ പതാകയുയർത്തിയതോടെയാണ് പന്ത്രണ്ട് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്ക് തുടക്കമായത്. മുപ്പത്തിയാറോളം പരിപാടികളാണ് നബിദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുള്ളത്. സെമിനാറുകൾ, നബിദിന സുഹൃത് സംഗമം, പൊതുസമ്മേളനം, മത വിജ്ഞാന സദസുകൾ, പ്രശ്നോത്തരി, അഖിലകേരള ഖുർആൻ പാരായണ മത്സരം, മേഖലാതല ഖുർആൻ പാരായണ മത്സരം, സർവകലാശാലാ തല ക്വിസ് മത്സരം, കെ.ടി.സി.ടി സ്കൂളിലെ സിൽവർ ജൂബിലി ഗേറ്റിന്റെയും പുതിയ ബഹുനില മന്ദിരത്തിന്റെ തറക്കല്ലിടൽ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ദുആ മജ്‌ലിസ്, സനദ് ദാന മഹാസമ്മേളനം, സംസ്ഥാന തല ദഫ് മുട്ട് മത്സരം, കലാ സാഹിത്യ മത്സരങ്ങൾ, കെ.ടി.സി.ടി അവാർഡ് ദാനം, സൗജന്യ ഭവന പദ്ധതി സമർപ്പണം, പുരസ്കാര വിതരണം, അന്നദാനം, ഘോഷയാത്ര തുടങ്ങിയവയാണ് പ്രധാന പരിപാടികൾ. നവംബർ 10 ന് നടക്കുന്ന അന്നദാനത്തോടെ ഈ വർഷത്തെ നബിദിനാഘോഷങ്ങൾക്ക് തിരശ്ശീല വീഴും.