family-plastics

കുളത്തൂർ : കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആശങ്കയുടെ അഗ്നിനാളങ്ങൾ പകർന്ന മൺവിള ഫാമിലി പ്ലാസ്റ്റിക് ദുരന്തം നടന്ന് ഒരു വർഷം തികയുമ്പാേൾ തിരിച്ചുവരവിന്റെ പാതയിലാണ് കമ്പനി. ഒരു രാത്രി മുഴുവൻ നഗരത്തെ ആശങ്കയുടെ നിഴലിൽ നിറുത്തി ഫാമിലി പ്ളാസ്റ്റിക് കമ്പനിയിലെ തീ കെടുത്താനായത് രണ്ടു ദിവസത്തെ അഹോരാത്ര പണി കൊണ്ടാണ്. ഇന്ത്യൻ ഓയിൽ കോർപറേഷൻ ,റിലയൻസ് തുടങ്ങിയ പെട്രോകെമിക്കൽ കമ്പനികളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് ഉത്പന്ന നിർമ്മാണ സംവിധാനമാണ് ഇവിടുള്ളത്. ഉത്പന്നങ്ങളുടെ ഗുണമേന്മ കൊണ്ട് ആഗോളതലത്തിൽ പേരെടുത്ത കമ്പനിക്ക് അന്താരാഷ്‌ട്ര മാർക്കറ്റിലുള്ള കച്ചവടം നഷ്‍ടമാകാതിരിക്കാൻ നിരവധി നടപടികളാണ് കമ്പനി സ്വീകരിച്ചുവരുന്നതെന്ന് മാനേജിംഗ് ഡയറക്ടർ സിംസൺ ഫെർണാണ്ടസ് പറഞ്ഞു.

അഗ്നിബാധയെത്തുടർന്ന് നാല്പത് ശതമാനത്തോളം ഉത്പാദനത്തിൽ കുറവുവന്നെങ്കിലും ഒരു തൊഴിലാളിയെ പോലും ഒഴിവാക്കാതെയാണ് കമ്പനി പ്രവർത്തിക്കുന്നത്. തിരുനെൽവേലി യൂണിറ്റിലെ ഉത്പാദനത്തിന് പുറമെ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില സ്വകാര്യ കമ്പനികളിലെ ഉത്പാദന യന്ത്ര യൂണിറ്റുകൾ വാടകയ്‌ക്കെടുത്താണ് ആവശ്യമായ ഉത്പാദനം നടത്തുന്നത്. തീപിടുത്തത്തിൽ കത്തിപ്പോയ പതിനഞ്ചോളം വിലപിടിപ്പുള്ള മെഷീനുകൾ ഇറക്കുമതിചെയ്ത് മൺവിളയിൽ തന്നെ ഭാഗികമായി പ്രവർത്തിക്കുന്ന ഒരു ഉത്പാദന യൂണിറ്റുമുണ്ട്. ഇതിന് പുറമെ മാധവപുരം ,പോത്തൻകോട് ചില ചെറുകിട കമ്പനികളും വാടകക്കെടുത്ത് ഉത്പാദനം നടത്തുന്നുണ്ട്. മേനംകുളം കിൻഫ്ര പാർക്കിൽ ഉത്പാദനം നിർത്തിപ്പോയ ആശാപുര കളിമൺ ഫാക്ടറിയുടെ ഒരു ഗോഡൗൺ വാടകയ്ക്കും എടുത്തിട്ടുണ്ട്. ഇവിടെ രണ്ടേക്കർ സ്ഥലം വാങ്ങി നിർമ്മാണ യുണിറ്റ് ആരംഭിക്കുവാനുള്ള ശ്രമത്തിലാണ് കമ്പനി മാനേജമെന്റ്.

മൺവിളയിൽ കത്തിനശിച്ച അഞ്ച് നില കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകൾ പൊളിച്ചുമാറ്റുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളത്. 40 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്ന ഈ സ്ഥാപനം 20 കോടി രൂപയ്ക്ക് ഇൻഷ്വർ ചെയ്തെമ്പിലും ഒരു തുകയും ലഭിച്ചില്ല. സർക്കാരിൽ നിന്നോ വ്യവസായ വകുപ്പിൽ നിന്നോ സഹായങ്ങൾ ഒന്നുമുണ്ടായില്ല. ദുരന്തത്തെ തുടർന്ന് വാർഷിക അഡ്വാൻസ് നികുതി ഒഴിവാക്കി നൽകണമെന്ന അപേക്ഷയ്ക്കും തീരുമാനമായിട്ടില്ല. 80 കോടി രൂപ വിറ്റുവരവുള്ള ഈ സ്ഥാപനം 18 ശതമാനമാണ് സർക്കാരിന് നികുതി നൽകുന്നത്. കഠിനാദ്ധ്വാനത്തിലൂടെ ഉയർന്ന തങ്ങൾ വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പിന്റെ പാതയിലാണെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

തീപിടിത്തം ഇങ്ങനെ

മൺവിള ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ 1998 ൽ ഒരു ചെറിയ യൂണിറ്റായി ആരംഭിച്ച ഈ സ്ഥാപനത്തിലെ പ്രൊഡക്ഷൻ യൂണിറ്റും ഗോഡൗണും ഉൾപ്പെടുന്ന അഞ്ചു നില കെട്ടിടത്തിൽ തീ ആളിപടർന്നത് കഴിഞ്ഞ വർഷം ഒക്ടോബർ 31 ന് രാത്രി 7 നായിരുന്നു. 50 ഓളം ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീ നിയന്ത്രണ വിധേയമാക്കാൻ പ്രവർത്തിച്ചത്. കെട്ടിടം പൂർണമായും കത്തി നശിച്ചു. പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുവായ പെട്രോകെമിക്കൽ ഉത്പന്നങ്ങളിൽ തീ പടർന്നതാണ് അഗ്നിബാധ രൂക്ഷമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും തുടർ അന്വേഷണത്തിൽ അട്ടിമറിയാണെന്ന് കണ്ടെത്തുകയും ഫാക്ടറിയിലെ തന്നെ രണ്ട് ജീവനക്കാരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇവർ ഇപ്പോൾ ജാമ്യത്തിലാണ്.