guru

ശ്രീനാരായണ ഗുരുദേവൻ ഒരു നൂറ്റാണ്ടിന് മുമ്പ് നൽകിയ മഹത്തായ സന്ദേശമായിരുന്നു ശുചിത്വവും ശാസ്‌ത്രസാങ്കേതിക വിദ്യയും നമ്മൾ ഉപയോഗപ്പെടുത്തണമെന്നത്. ഇത് ഫലപ്രദമായി നടപ്പാക്കിയ ഒരു രാജ്യത്ത്, ചൈനയിൽ ഇക്കഴിഞ്ഞ നാളുകളിൽ സഞ്ചരിക്കുവാൻ ഇടവന്നു. അക്ഷരാർത്ഥത്തിൽ ആരും അമ്പരന്നു നിന്നുപോകും. ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഒരു രാജ്യത്തിന് ഇത് സാധിക്കുമെങ്കിൽ എന്തുകൊണ്ട് നമ്മൾക്ക് ആയിക്കൂടാ? ഇത്ര തിരക്ക് പിടിച്ച നഗരങ്ങളിൽ ഇത് നടപ്പാക്കാൻ സാധിക്കുമെങ്കിൽ ഗ്രാമങ്ങളിലും വീടുകളിലും എന്തുകൊണ്ട് നടപ്പാക്കികൂടാ? മറ്റുള്ളവരെ കുറ്റപ്പെടുത്താൻ നമുക്ക് എത്ര എളുപ്പമാണ്. ഇവിടെ സൂചിപ്പിക്കുവാൻ ശ്രമിക്കുന്നത് ശ്രീനാരായണ ഗുരുദേവന്റെ അനുയായികളും ഭക്തരും ശിഷ്യന്മാരും കാട്ടുന്ന ചില ഉത്തരവാദിത്വപരമായ ശ്രദ്ധക്കുറവിനെയാണ്.

കഴിഞ്ഞ രണ്ട് വർഷമായി ശിവഗിരി മഠത്തിൽ കർമ്മയോഗ എന്ന സന്നദ്ധസേവകർ മഠവും പരിസരവും ശുദ്ധീകരിക്കുന്നതിന് മുൻകൈയെടുത്തുവരുന്നു. ഭക്തജനങ്ങളും സന്ദർശകരും അലക്ഷ്യമായി വലിച്ചെറിയുന്ന പ്ളാസ്റ്റിക് കുപ്പികളും കവറുകളും മിഠായി പേപ്പറുകളും മറ്റും നീക്കം ചെയ്ത് ബാഹ്യശുദ്ധിയെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. കുടുംബങ്ങളിലും വിദ്യാലയങ്ങളിലും ശുചിത്വത്തെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പഠിക്കുകയും പഠിപ്പിക്കുകയും മുതിർന്നവർ കുട്ടികൾക്ക് മാതൃകയായിരിക്കുകയും ചെയ്താൽ എളുപ്പത്തിൽ നമുക്ക് ഇത് പ്രാവർത്തികമാക്കാൻ സാധിക്കും.

ഇതെല്ലാം ഒരുപക്ഷേ ഇവിടെ സ്വപ്നമായിരിക്കാം. പക്ഷേ ഇത് നടപ്പിലാക്കിയ രാജ്യങ്ങളിൽ സഞ്ചരിക്കുമ്പോൾ അത് സ്വപ്നമല്ല. യാഥാർത്ഥ്യമാണ്. പതിനായിരക്കണക്കിന് ജനങ്ങൾ ദിവസവും ഒത്തുകൂടുന്ന കേന്ദ്രങ്ങളിലും നദികളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റും ഒരു ചെറിയ അഴുക്കുപോലും ഇല്ലാതെ സൂക്ഷിക്കുവാനും സംരക്ഷിക്കുവാനും സാധിക്കും എന്ന് നേരിൽ കണ്ടു. നമ്മുടെ നേതാക്കൻമാരെല്ലാം പലതും പഠിക്കുവാൻ പല രാജ്യങ്ങളിലും സഞ്ചരിക്കുന്നത് നമ്മൾ കാണുന്നുണ്ട്. പക്ഷേ അതൊന്നും നമ്മുടെ രാജ്യത്ത് നടപ്പിലാക്കി കാണുന്നില്ല. നമ്മളിൽ പലരും നിയമത്തെ എങ്ങനെ അനുസരിക്കാതിരിക്കാം എന്ന് ചിന്തിക്കുന്നവരാണ്. അനുസരണക്കേട് രാജ്യസ്നേഹത്തിന്റെ അഭാവമായിരിക്കാം.

ശ്രീനാരായണ ഗുരുവും ചട്ടമ്പിസ്വാമിയും സ്വാമി വിവേകാനന്ദനും ജിദ്ദു കൃഷ്ണമൂർത്തിയും മറ്റും ശ്രമിച്ചത് മനുഷ്യനെ പൂർണമായും സ്വതന്ത്രനാക്കാനാണ്. പക്ഷേ നാം ഗുരുക്കന്മാരെപ്പോലും നമ്മുടെ കൊച്ചു വൃത്തത്തിനുള്ളിലേക്ക് വലിച്ചൊതുക്കി നിറുത്തുവാൻ ശ്രമിക്കുകയാണ്. അങ്ങനെ നമ്മുടെ മേധ മുൻവിധികൾ കൊണ്ട് പ്രവർത്തനക്ഷമമല്ലാതായി തീർന്നിരിക്കുന്നു. ഈ വ്യവസ്ഥയെ മാറ്റാനായി നമ്മുടെ വിദ്യാഭ്യാസത്തെ എന്തുകൊണ്ട് ഉപയോഗപ്പെടുത്തിക്കൂടാ? വിദ്യാഭ്യാസം വഴി സ്വായത്തമാക്കുന്ന അറിവ് സമ്പത്തേറ്റുവാനല്ലാതെ ജീവിതസ്പർശിയും ജീവിതഗന്ധിയുമാകുന്നില്ല. അപ്രകാരമുള്ള വിദ്യ നമ്മുടെ ജീവിതത്തെ വീണ്ടും സങ്കീർണമാക്കുകയല്ലേ? അതുകൊണ്ടു തന്നെയല്ലേ പഠിപ്പുണ്ടായിട്ടും ഗൃഹമാലിന്യങ്ങൾ കവറിലിട്ട് മറ്റുള്ളവന്റെ പുരയിടത്തിലും റോഡിലും ആരും കാണാതെ വലിച്ചെറിയുന്നതിനുള്ള മനസുണ്ടാകുന്നത്.

ശ്രീനാരായണ ഗുരുദേവൻ സർവസംഗപരിത്യാഗിയായ ഒരു തപസ്വിയായിരുന്നു. . സർവസംഗപരിത്യാഗികൾ പൊതുവിൽ ഇപ്രകാരമുള്ള കൊച്ചുകൊച്ചു കാര്യങ്ങളിൽ ശ്രദ്ധ ഊന്നാതെ കൂടുതൽ മൂല്യവത്തായ കാര്യങ്ങളിലേക്ക് വ്യാപരിക്കാറാണ് പതിവ്. എന്നാൽ സാധാരണക്കാരും പഠിപ്പുള്ളവരും ശുചിത്വത്തിൽ ശ്രദ്ധിക്കാതെ അലക്ഷ്യമായി ജീവിക്കുന്നത് കണ്ടിട്ടാണ് ശുചിത്വത്തെക്കുറിച്ച് ആധികാരികമായി ഗുരു എഴുതുകയും ജീവിച്ച് കാണിക്കുകയും ചെയ്തത്.

ഒരു സർവ്വസംഗ പരിത്യാഗി ശാസ്ത്ര സാങ്കേതികവിദ്യ പഠിക്കണമെന്നും പഠിപ്പിക്കണമെന്നും പറഞ്ഞപ്പോൾ അത് മനസിലാക്കാനോ പ്രാവർത്തികമാക്കാനോ കെല്പുള്ള ഒരു സമൂഹം കേരളത്തിൽ ഇല്ലാതെ പോയി എന്ന് നാം തിരിച്ചറിയണം. ശാസ്ത്ര സാങ്കേതിക വിദ്യ ഉപയോഗിച്ച് മാലിന്യ സംസ്കരണം നടത്താം എന്ന് എത്രയോ വർഷങ്ങൾക്ക് മുമ്പ് ശാസ്ത്രവിദഗ്ദ്ധർ കണ്ടുപിടിച്ചതാണ്. അത് എത്രയോ രാജ്യങ്ങൾ നടപ്പാക്കി വിജയിച്ചിരിക്കുന്നു. നമുക്ക് എന്തുകൊണ്ട് അതേവിധം നമ്മുടെ നഗരങ്ങളിലേയും പൊതുസ്ഥലങ്ങളിലേയും മാലിന്യത്തെ നിർമ്മാർജ്ജനം ചെയ്തുകൂടാ? ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ് 150 കോടിയോളം വരുന്ന ജനത്തെ നയിക്കുന്നത്. അവിടത്തെ നേതാക്കന്മാർ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അപാരകഴിവുകളെ ഉൾക്കൊണ്ട് കൊണ്ട് ജനങ്ങൾക്ക് വേണ്ടി അവ പരമാവധി ഉപയോഗപ്പെടുത്തുന്നു.

ചൈനയിൽ ജോലിക്ക് വേണ്ടി പുറം രാജ്യത്തേക്ക് പോകുന്നവർ അപൂർവം. അവിടെ രാജ്യത്തോടുള്ള അചഞ്ചലമായ വിശ്വാസത്തെ അവരിൽ ഊട്ടി ഉറപ്പിച്ച് രാജ്യത്തിനും സ്വജനങ്ങൾക്കും വേണ്ടി അദ്ധ്വാനിക്കുക എന്ന പ്രബോധനമാണ് നേതാക്കൾ നൽകുന്നത്. എന്നാൽ ഇന്ത്യാ രാജ്യത്ത് പ്രത്യേകിച്ച് കേരളത്തിൽ കുട്ടികളെ പഠിപ്പിക്കുമ്പോൾ കുഞ്ഞുമനസിൽ കുത്തിവയ്ക്കുന്നത് നീ പഠിച്ച് വിദേശത്ത് പോയി ജോലി സമ്പാദിച്ച് പണം സമ്പാദിക്കണം എന്നാണ്. ഈ നാട് വളരെ മോശമാണെന്നും അതുകൊണ്ട് വിദേശങ്ങളിൽ പോയി രക്ഷപ്പെടൂ എന്നതാണിതിന്റെ സാരം. രാജ്യത്തെ നന്നാക്കാൻ ശ്രമിക്കുന്ന നേതാക്കൻമാർ പോലും മക്കളെ ഇതുപോലെ നാട് കടത്തുന്നവരാണ്.

. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ടൂറിസത്തിന് അപാരമായ സാദ്ധ്യതകളാണ് ഉള്ളത്. അതിനെ തിരിച്ചറിയാൻ ചൈനയുടെ ഗ്രാമങ്ങളിലെ ജലസ്രോതസുകളേയും നദികളേയും എപ്രകാരമാണ് മലീമസപ്പെടുത്താതെ ഉപയോഗപ്പെടുത്തുന്നതെന്ന് നമ്മുടെ നേതാക്കൾ പോയി പഠിക്കണം. എന്നിട്ട് ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധരെക്കൊണ്ട് അത് പ്രകാരം ചെയ്യിക്കാനുള്ള മനസ് ഉണ്ടാകണം. അങ്ങനെയായാൽ പണം സമ്പാദിക്കാൻ പുറംലോകത്തേക്ക് പോകേണ്ട ആവശ്യമില്ല. കോടികൾ ഇവിടെ വരും. ജഗദീശ്വരൻ വേണ്ടുവോളം പ്രകൃതിസമ്പത്ത് നമുക്ക് നൽകിയിട്ടുണ്ട്.

നമ്മുടെ യുവജനങ്ങളിൽ രാജ്യസ്നേഹം വളരണം. ഈ രാജ്യത്തിനും അതോടൊപ്പം മറ്റ് രാജ്യക്കാർക്കും മാതൃകയായി സോദരത്വേന വാഴുന്ന ഒരു മാതൃകാ സ്ഥാനം എന്ന ഗുരുവിന്റേയും പൂർവികരായ മനീഷികളുടേയും സങ്കല്പത്തെ പൂവണിയിക്കുവാൻ നമുക്ക് കഴിയണം. മഹത്തായ പൈതൃകം ഉള്ള നമ്മുടെ പുണ്യഭൂമിയുടെ മഹത്വത്തെ ലോകത്തിന് മാതൃകയാക്കി കാണിക്കേണ്ടത് നമ്മുടെ കടമയാണ്. സർവാത്മ ദർശനത്തിന്റെ സന്താനങ്ങളാണ് നാം. ഓരോരുത്തരിലും കുടികൊള്ളുന്നത് ഒരേ ഈശ്വരചൈതന്യമാണെന്ന ബോധത്തോടെ ആത്മീയതയും ഭൗതീകതയും സമന്വയിപ്പിച്ചുകൊണ്ട് ശാന്തമായും സുഖമായും വസിക്കുവാൻ സാധിക്കട്ടെ.