cessna

1978 ഒക്ടോബർ 21. ഓസ്ട്രേലിയയിലെ ബേസ് സ്ടെയിറ്റിന് മുകളിലൂടെ സെസ്‌ന 182 എൽ എന്ന ചെറു വിമാനം പറത്തുകയായിരുന്നു ഫ്രെഡറിക് വാലെന്റിഷ് എന്ന പൈലറ്റ്. രാത്രി 7.06 ആയതോടെ 4,500 അടി മുകളിലായി പറക്കുന്ന ഒരു വസ്‌തു തന്നെ പിന്തുടരുന്നതായി ഫ്രെഡറിക് കൺട്രോൾ റൂമിനെ അറിയിച്ചു. ആ പാതയിൽ അന്നേരം മറ്റു വിമാനങ്ങൾ ഒന്നും ഇല്ലായിരുന്നു. തന്നെ പിന്തുടരുന്നത് ഒരു വിമാനമാണോ എന്ന് ഫ്രെഡറിക്കിന് മനസിലാക്കാൻ കഴിഞ്ഞില്ല. എന്നാൽ, നാല് ലൈറ്റുകൾ ആ വാഹനത്തിൽ ഉണ്ടായിരുന്നുവെന്ന് ഫ്രെഡറിക് കൺട്രോൾ റൂമിനെ അറിയിച്ചു. കിഴക്ക് ഭാഗത്തുനിന്നും ആ വസ്‌തു ഫ്രെഡറിക്കിനെ ലക്ഷ്യമാക്കി അടുത്തു. പെട്ടെന്നു തന്നെ ആ വസ്‌തു ഫ്രെഡറിക്കിന്റെ വിമാനത്തിന് മുകളിൽ എത്തി.

തിളങ്ങുന്ന ലോഹത്താൽ നിർമിതമായ ആ വസ്‌തുവിൽ നിന്നും പച്ച നിറത്തിലെ പ്രകാശം പുറത്തു വരുന്നുണ്ടായിരുന്നു. അന്നേരം ഫ്രെഡറിക്കിന്റെ വിമാനത്തിന്റെ എൻജിൻ തകരാറിലായി. 'ഇതൊരു വിമാനമല്ല' ഫ്രെഡറിക് കൺട്രോൾ റൂമിൽ അറിയിച്ചു. ലോഹങ്ങൾ തമ്മിൽ കൂട്ടി ഉരസപ്പെടുന്ന പോലെയുള്ള ശബ്ദങ്ങൾ അന്നേരം കൺട്രോൾ റൂമിലിരുന്നവർ കേട്ടു. ഒട്ടും വൈകാതെ തന്നെ ആശയവിനിമയം പൂർണമായും വിച്ഛേദിക്കപ്പെട്ടു.

ഓസ്ട്രേലിയൻ എയർഫോഴ്സിന്റെ വിമാനങ്ങൾ ഉടൻ അവിടേക്ക് പറന്നു. ഫ്രെഡറിക്കിന്റെ വിമാനം കാണാതായ ഭാഗത്തിന് ചുറ്റുമുള്ള 1,000 ചതുരശ്ര മൈൽ പ്രദേശത്ത് വ്യാപക തെരച്ചിൽ നടന്നെങ്കിലും ഫ്രെഡറിക്കിന്റെയോ വിമാനത്തിന്റെയോ ഒരു തുമ്പു പോലും കണ്ടെത്താനായില്ല. 20 വയസുമാത്രമായിരുന്നു കാണാതാകുമ്പോൾ ഫ്രെഡറിക്കിന്റെ പ്രായം. വിമാനം പറത്തലിൽ പറയത്തക്ക പ്രാവണ്യമില്ലാതിരുന്ന ഫ്രെഡറിക് അന്യഗ്രഹജീവികളും പറക്കും തളികകളും ഉണ്ടെന്ന് വിശ്വസിച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ തിരോധാനം ഫ്രെഡറിക് തന്നെ സൃഷ്ടിച്ചതാകാം എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ഫ്രെഡറികും വിമാനവും എവിടെയാണ് എന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. അന്യഗ്രഹ ജീവികളാണ് ഫ്രെഡറിക്കിന്റെ തിരോധാനത്തിന് പിന്നിലെന്ന് പലരും വിശ്വസിക്കുന്നുണ്ട്. ഫ്രെഡറിക് എവിടെപ്പോയെന്ന് ഇന്നും ആർക്കുമറിയില്ല. ഓസ്ട്രേലിയയിൽ തെളിയിക്കപ്പെടാത്ത കേസുകളിൽ മുന്നിലാണ് ഫ്രെഡറിക്കിന്റെ തിരോധാനം.