കല്ലമ്പലം: ബൈക്കപകടത്തിൽ മകൻ മരിച്ച് രണ്ടുമാസമാകാറായിട്ടും പൊലീസ് അന്വേഷണം നടത്തിയില്ലെന്ന ആക്ഷേപവുമായി പിതാവ്. പള്ളിക്കൽ മുതലകുളങ്ങര ഹൗസിൽ അബ്ദുൽ കലാം - ആബിദാബീവി ദമ്പതികളുടെ മകൻ സിദ്ദിഖ് (26) ആണു മരിച്ചത്. അമിതവേഗതയിൽ വന്ന ബൈക്ക് സിദ്ദിഖിന്റെ ബൈക്കിൽ ഇടിച്ചതിനെത്തുടർന്ന് സിദ്ദിഖ് ചോരവാർന്നു മരിക്കുകയായിരുന്നു. എതിർകക്ഷി മദ്യപിച്ച് ബൈക്കോടിച്ചതാണ് അപകടകാരണമെന്നും ഇത് ബോദ്ധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നുമാണ് സിദ്ദിഖിന്റെ പിതാവ് അബ്ദുൽകലാമിന്റെ പരാതി. കഴിഞ്ഞ സെപ്തംബർ ഒമ്പതിന് രാത്രി പള്ളിക്കലായിരുന്നു അപകടം. പിറ്റേദിവസം വിദേശത്തേക്ക് പോകാനിരിക്കെ സുഹൃത്തുക്കളോട് യാത്ര ചോദിക്കാൻ രാത്രി എട്ടരയോടെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സിദ്ദിഖ്.