കല്ലമ്പലം: കരവാരം ഗ്രാമ പഞ്ചായത്ത് ഭരണസമിതിക്കെതിരെ അഴിമതിയാരോപിച്ച് ഭാരതിയ ജനതാപാർട്ടി കരവാരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കരവാരം പഞ്ചായത്ത് പടിക്കൽ കൂട്ട ധർണയും പ്രതിഷേധ പൊങ്കാലയും നടത്തി. തെരുവുവിളക്കുകൾ കത്തിക്കുക, കിസാൻ സമ്മാൻ പദ്ധതിയിൽ ലിസ്റ്റ് തിരിമറി നടത്തിയത് പരിഹരിക്കുക, തെരുവുനായ്ക്കളുടെ ശല്യത്തിനെതിരെ ശാശ്വത പരിഹാരം കാണുക, പ്രധാന മന്ത്രിയുടെ സമ്പൂർണ ഭവന പദ്ധതി അട്ടിമറിച്ച് ലൈഫ് പദ്ധതിയാക്കി മാറ്റി അതില്ലാതാക്കിയതിന് പരിഹാരം കണ്ട് പുനഃസ്ഥാപിക്കുക, ഗതാഗത യോഗ്യമല്ലാത്ത ഗ്രാമീണ റോഡുകൾ നവീകരിക്കുക, ഫണ്ടുകൾ വകമാറ്റി ചെലവഴിക്കുന്നതവസാനിപ്പിക്കുക, പഞ്ചായത്തിന്റെ അനാവശ്യ ഇടപെടൽ തൊഴിൽ മേഖലയിൽ വരുത്തിയ മാന്ദ്യത്തിനു പരിഹാരം കാണുക, ലക്ഷങ്ങൾ മുടക്കി പഞ്ചായത്തിൽ സോളാർ ഫിറ്റ് ചെയ്തതിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും, എസ്.എൻ.ഡി.പി അസി. സെക്രട്ടറിയുമായ ബാഹുലേയൻ ഉദ്ഘാടനം ചെയ്തു. മേഖലാ ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി അദ്ധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് മണമ്പൂർ ദിലീപ്, വക്കം അജിത്ത്, കർഷക മോർച്ച മണ്ഡലം പ്രസിഡന്റ് കല്ലമ്പലം ഉല്ലാസ് കുമാർ, രാജീവ് കല്ലമ്പലം, ഷിനോദ്, വഞ്ചിയൂർ അജയൻ, ഷിബുലാൽ, ചാവർകോട് ഹരിലാൽ, രാജേഷ്, ജയകുമാർ കൈപ്പള്ളി, ശ്രീലത, ഷക്കീല, ഗീത, ഷീല, ബിജു, പ്രസാദ്, മധു തുടങ്ങിയവർ പങ്കെടുത്തു.