തിരുവനന്തപുരം: ഗാന്ധിജിക്ക് മേലെ ഗാന്ധിവധക്കേസിലെ പ്രതികളെ ത്യാഗികളായി വാഴ്ത്തി സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തോടനുബന്ധിച്ച് നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മാറിവരുന്ന തലമുറകൾക്ക് ഗാന്ധിജിയെ മനസിലാക്കാൻ കഴിയാതെ പോയേക്കുമോ എന്ന് ഐൻസ്റ്റീൻ പങ്കുവച്ച ആശങ്ക യാഥാർത്ഥ്യമാവുന്നുവോയെന്ന് ഉത്കണ്ഠപ്പെടേണ്ട ഘട്ടമാണിത്. അധികാരസ്ഥാനത്തുള്ള ചിലർ തന്നെ ഗാന്ധിജിയുടെ ചിത്രത്തിൽ പ്രതീകാത്മകമായി നിറയൊഴിക്കുന്നു. ഗാന്ധി ഘാതകന് ക്ഷേത്രമുണ്ടാക്കുന്നതും രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഭാരതരത്നം സമ്മാനിക്കാൻ മുറവിളി കൂട്ടുന്നതുമായ ലജ്ജാകരമായ അവസ്ഥയുണ്ട്. ആരുടെയെങ്കിലും ചിത്രം പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ അലങ്കരിച്ചു വയ്‌ക്കേണ്ടതുണ്ടെങ്കിൽ അത് ആൻഡമാൻ ജയിലിൽ ബ്രിട്ടീഷുകാരാൽ നരകയാതന അനുഭവിച്ചിട്ടും മാപ്പെഴുതിക്കൊടുക്കാത്ത മലയാളി എം.പി. നാരായണമേനോന്റേതായിരുന്നു. അല്ലാതെ ഗാന്ധി വധഗൂഢാലോചനക്കേസിലെ പ്രതിയുടേതായിരുന്നില്ല.
'അയിത്തജാതിക്കാർ' എന്ന് മുദ്രയടിക്കപ്പെട്ടവരടക്കമുള്ളവരുമായി പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്കു കടന്നുചെന്നതും, വൈക്കത്തെ സാമുദായിക പ്രമാണിമാരോട് അയിത്തത്തെ ന്യായീകരിക്കുന്ന ഒന്നും പ്രമാണഗ്രന്ഥങ്ങളിലില്ലെന്നു തർക്കിച്ചു സ്ഥാപിച്ചതും, അയ്യങ്കാളിയെ വെങ്ങാനൂരിൽ സന്ദർശിച്ചതുമൊക്കെ ഗാന്ധിജിയുടെ പൈതൃകം നവോത്ഥാനത്തിനായി നിലകൊള്ളുന്ന ശക്തികൾക്കവകാശപ്പെട്ടതാണെന്നത് ആവർത്തിച്ച് സ്ഥിരീകരിക്കുന്നു. പോർബന്തറിൽ ജനിച്ച് ഡൽഹിയിൽ വർഗീയഭ്രാന്തനായ ഗോഡ്‌സെയുടെ വെടിയേറ്റ് മരിച്ച ഗാന്ധിജിയുടെ ജീവിതം ഇതിഹാസ വ്യാപ്തിയുള്ളതാണ്- മുഖ്യമന്ത്രി പറഞ്ഞു.