തിരുവനന്തപുരം: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്നലെ നിയമസഭയിൽ സംഘടിപ്പിച്ച പ്രത്യേക സമ്മേളനം ബി.ജെ.പി നിലപാടുകളോടുള്ള കടുത്ത വിമർശനമായി മാറി. അനുസ്മരണപ്രമേയം അവതരിപ്പിച്ച സ്പീക്കർ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും കക്ഷിനേതാക്കളും ബി.ജെ.പിയെ കടന്നാക്രമിച്ചു. ഇതിന് മറുപടി പറയാൻ തുനിഞ്ഞില്ലെങ്കിലും ഹിന്ദുത്വത്തിന്റെ ഉദാത്തമാതൃകയായി ഗാന്ധിജിയെ ബി.ജെ.പിയുടെ ഏക അംഗം ഒ. രാജഗോപാൽ വിശേഷിപ്പിച്ചു. ഗാന്ധിജിയുടെ അവസാന ആഗ്രഹം പോലും അംഗീകരിക്കാത്തവരാണ് അദ്ദേഹത്തെപ്പറ്റി പറയുന്നതെന്ന് കോൺഗ്രസിനെതിരെ വിമർശനവുമുയർത്തി.
സവർക്കർക്ക് ഭാരതരത്ന നൽകാനുള്ള നീക്കവും ഗോഡ്സെയെ ആരാധിക്കുന്നതുമെല്ലാം ചൂണ്ടിക്കാട്ടി രൂക്ഷവിമർശനമാണ് മുഖ്യമന്ത്രി ഉയർത്തിയത്. ഗാന്ധിജിയെ പുതുതലമുറയ്ക്ക് മനസിലാക്കാനാവാതെ വരുമോയെന്ന ഐൻസ്റ്റീന്റെ ആശങ്ക അദ്ദേഹം കരുതിയതിനപ്പുറത്തേക്ക് യാഥാർത്ഥ്യമാവുകയാണെന്നും പറഞ്ഞു.
ഗാന്ധിജി തെളിച്ച രാഷ്ട്രത്തിന്റെ പ്രകാശം അണഞ്ഞ് പോകുമോയെന്ന ആശങ്കയുണ്ടെന്ന് സ്പീക്കർ പറഞ്ഞു. ആൾക്കൂട്ട ഹിംസകൾ ദേശസാത്കരിക്കപ്പെടുന്നു. പൗരത്വരജിസ്റ്ററിന്റെ പേരിൽ 20 ലക്ഷം പേരെ അന്യരാക്കി ചാപ്പകുത്തി കോൺസെൻട്രേഷൻ ക്യാമ്പുകളിലേക്ക് തള്ളിവിടുന്നു. ഭരണഘടന പൊളിച്ചെഴുതാൻ തുണ്ടുകടലാസുമായി പാർലമെന്റിൽ എത്തുന്ന സ്ഥിതി വരെ എത്തിനിൽക്കുകയാണ്.
ഗാന്ധിജിയുടെ ഭൗതികജീവിതം തുടച്ചുനീക്കിയ പ്രസ്ഥാനം ആധിപത്യം സ്ഥാപിക്കുന്ന ആസുരകാലമാണിതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയെന്നാൽ ഇന്ത്യക്കാരുടേതാണെന്നും അത് ജാതിക്കോ മതത്തിനോ അവകാശപ്പെട്ടതല്ലെന്നും ജനങ്ങളെ ബോദ്ധ്യപ്പെടുത്തിയതിനാണ് അദ്ദേഹത്തെ കൊന്നത്. ഗാന്ധിജിയെ ഇല്ലാതാക്കിയത് ഒരു പ്രസ്ഥാനവും പ്രത്യയശാസ്ത്രവുമാണ്. ഗാന്ധിജിക്ക് രാമൻ ആദർശമായിരുന്നെങ്കിൽ അദ്ദേഹം ദൈവത്തിന്റെ മക്കളെന്ന് വിളിച്ച ദളിതരെ ഇന്ന് തല്ലിക്കൊല്ലുകയാണ്.
ഗോഡ്സെയുടെ ചിതാഭസ്മം പുണ്യനദികളിലൊഴുക്കാനായി ഇന്നും ആർ.എസ്.എസ് ആസ്ഥാനത്ത് സൂക്ഷിച്ചിരിക്കുകയാണെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ ചൂണ്ടിക്കാട്ടി. ഗാന്ധിജിയെ ഇന്ത്യയിലെ പുതുതലമുറ കണ്ടെത്തുമെന്ന് ടി.എ. അഹമ്മദ് കബീർ പറഞ്ഞു. ഗാന്ധിജിയുടെ സന്ദേശം മുഴങ്ങുന്നതിനാൽ ഈ കാലഘട്ടത്തെ ഭയക്കേണ്ടതില്ലെന്ന് സി.കെ. നാണു പറഞ്ഞു. കക്ഷിനേതാക്കളായ പി.ജെ. ജോസഫ്, എ.കെ. ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, അനൂപ് ജേക്കബ്, കെ.ബി. ഗണേശ്കുമാർ എന്നിവരും സംസാരിച്ചു.
സമ്മേളനശേഷം സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അംഗങ്ങളും സഭാവളപ്പിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തി. രാവിലെ അംഗങ്ങൾക്ക് ഖാദിവസ്ത്രങ്ങൾ ഉപഹാരമായി നൽകിയിരുന്നു.
സഭയിൽ ഗാന്ധിയൻ പഠനകേന്ദ്രം
ഗാന്ധിജിയുടെ 150-ാം ജന്മവാർഷികത്തിന്റെ സ്മരണയ്ക്കായി നിയമസഭയിൽ ഗാന്ധിയൻ പഠനകേന്ദ്രം സ്ഥാപിക്കുമെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.