ആറ്റിങ്ങൽ: മാലിന്യ നിക്ഷേപവും തെരുവു നായ് ശല്യവും കൊണ്ട് യാത്രക്കാർ പൊറുതി മുട്ടുന്നു. കൊല്ലമ്പുഴ പാലത്തിന് സമീപത്തെ റോഡിലാണ് അലഞ്ഞുതിരിയുന്ന തെരുവ്‌നായ്ക്കൾ യാത്രക്കാർക്ക് ഭീഷണിയാകുന്നത്. ഇരു ചക്ര യാത്രക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് നായ്ക്കൾ എറെ ഭീഷണി ഉയർത്തുന്നത്.
പാലത്തിന്റെ രണ്ട് വശത്തും റോഡിന്റ വശങ്ങളിലും കുറ്റിച്ചെടികൾ വളർന്ന് വലിയ കാടായിട്ടുണ്ട്. അതുപോലെ ഈ ഭാഗം വൻകുഴിയാണ്. ഇവിടെ അപകടങ്ങൾ നിത്യസംഭവമായതിനെ തുടർന്ന് ഒരുവർഷം മുൻപ് സുരക്ഷാവേലി നിർമ്മിച്ചു. എന്നാൽ ഈ ഭാഗത്ത് നായ്ക്കളുടെ ശല്യം കുറയ്ക്കാൻ യാതൊരു നടപടിയുമുണ്ടായില്ല. പാലത്തിനോട് ചേർന്ന് മാലിന്യങ്ങൾ തള്ളുന്നതാണ് തെരുവ്‌നായ്ക്കൾ ഇവിടെ കേന്ദ്രീകരിക്കാൻ കാരണം. മാലിന്യനിക്ഷേപം തടയാനും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളുണ്ടായിട്ടില്ല.
ആറ്റിങ്ങൽ നഗരസഭയുടെയും കടയ്ക്കാവൂർ പഞ്ചായത്തിന്റെയും അതിർത്തിയാണ് ഈ ഭാഗം. കടയ്ക്കാവൂർ പഞ്ചായത്തിന്റെ ഭാഗത്താണിപ്പോൾ മാലിന്യം കൂടുതലായി തള്ളുന്നത്. ഇവിടെ റോഡിന്റെ വശങ്ങളിൽ പുല്ല് വളർന്ന് കിടപ്പുണ്ട്. ഇതിനിടയിലാണ് മാലിന്യ നിക്ഷേപം. ഇറച്ചിക്കടകളിൽ നിന്നുളള അവശിഷ്ടങ്ങളുൾപ്പെടെ ഇവിടെ തള്ളുന്നുണ്ട്. ഇവ തിന്നാനെത്തുന്ന നായ്ക്കൾ റോഡിലൂടെ പോകുന്നവരെ ഉപദ്റവിക്കാൻ തുനിയുന്നതും നിത്യസംഭവമാമണ്
ബൈക്ക് യാത്രക്കാരുടെ പിന്നാലേ പായുന്ന നായ്ക്കൾ വൻ അപകടത്തിനിടയാക്കുമെന്ന ഭീതിയിലാണ് നാട്ടുകാർ. റോഡിൽ ഈ ഭാഗത്ത് കൊടുംവളവുണ്ട്. നായ്ക്കളിൽ നിന്ന് രക്ഷപ്പെടാൻ വേഗംകൂട്ടുന്ന ബൈക്ക് യാത്രക്കാർ അപകടത്തിൽപ്പെട്ട സംഭവും ഉണ്ടായിട്ടുണ്ട്
റോഡിൽ ഈ ഭാഗത്ത് വഴിവിളക്കില്ലാത്തത് രാത്രിയാത്രക്കാർക്ക് ഭീഷണിയാണ്. വഴിവിളക്ക് സ്ഥാപിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതർ ചെവിക്കൊണ്ടിട്ടില്ല.
രണ്ടു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അതിർത്തിയായതിനാൽ ആറ്റിങ്ങൽ നഗരസഭയും കടയ്ക്കാവൂർ പഞ്ചായത്തും ഈ ഭാഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാറില്ല.