ആറ്റിങ്ങൽ: പാർട്ടി പ്രവർത്തകന്റെ നേർച്ച നിറവേറ്റാനായി അടൂർപ്രകാശ് എം.പി അവനവഞ്ചേരി ഇണ്ടിളയപ്പൻ ക്ഷേത്രത്തിൽ തുലാഭാരം നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്താണ് ഒരു പ്രവർത്തകൻ അടൂർപ്രകാശിന്റെ വിജയത്തിനായി ക്ഷേത്രത്തിൽ തുലാഭാരം നേർന്നത്. ഇക്കാര്യം എം.പിയോട് സൂചിപ്പിച്ചപ്പോൾ അദ്ദേഹം അത് സന്തോഷത്തോടെ നിറവേറ്റുകയായിരുന്നു. ഇന്നലെ രാവിലെ 8ന് ക്ഷേത്രത്തിലെത്തിയ എം.പിയെ ക്ഷേത്ര ഭരണസമിതി അംഗങ്ങളും പാർട്ടി പ്രവർത്തകരും സ്വീകരിച്ചു. ക്ഷേത്ര ദർശനത്തിനു ശേഷം ഇണ്ടിളയപ്പനു മുന്നിൽ ശർക്കരയിൽ തുലാഭാരം നടത്തി. ക്ഷേത്രക്കുളത്തിന്റെയും പടിക്കെട്ടുകളുടെയും ശോച്യാവസ്ഥയെക്കുറിച്ചും ഭാരവാഹികൾ ക്ഷേത്ര കമ്മിറ്റി ആഫീസിൽ വച്ച് അദ്ദേഹവുമായി ചർച്ച നടത്തി. കോൺഗ്രസ് ഭാരവാഹികളായ ജയചന്ദ്രൻ നായർ, രഘുറാം, കെ.പി.സി.സി വിചാർ വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി പുരുഷോത്തമൻ നായർ, ഡി.സി.സി മെമ്പർ കിഴുവിലം ബാബു, കൗൺസിലർമാരായ ശേഭനകുമാരി, ഗീതാകുമാരി, മുൻ കൗൺസിലർമാരായ കൃഷ്ണമൂർത്തി, ഇന്ദിരാഭായി അമ്മ, യൂത്ത് കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കിരൺ കൊല്ലമ്പുഴ, മുൻ പ്രസിഡന്റ് കെ.ജെ. രവികുമാർ, ലീഡർ സാംസ്‌കാരിക വേദി ചെയർമാൻ ശ്രീരംഗൻ, ബൂത്ത് ഭാരവാഹികളായ പ്രസന്നകുമാർ, രവി, ചന്ദ്രബോസ്, രവീന്ദ്രൻനായർ, സാബിത്ത്, തുളസീധരൻനായർ, ചന്ദ്രശേഖരൻ നായർ, ശ്രീരാഗ്, രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.