കല്ലമ്പലം: നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡായ ഇരുപത്തെട്ടാം മൈലിനെ ഇന്ത്യയിലെ ആദ്യ സമ്പൂർണ തപാൽ ( ഫൈവ് സ്റ്റാർ) ഗ്രാമമായി പ്രഖ്യാപിച്ചു. അടൂർ പ്രകാശ് എം.പിയാണ് പ്രഖ്യാപനം നടത്തിയത്. ഭാരതീയ തപാൽ വകുപ്പിന്റെ അഞ്ച് പദ്ധതികളായ തപാൽ ലൈഫ് ഇൻഷുറൻസ്, തപാൽ സമ്പാദ്യ പദ്ധതി, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്, സുകന്യ സമൃദ്ധി, പ്രധാനമന്ത്രി സുരക്ഷാ ബീമായോജന എന്നിവയിൽ നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ എല്ലാ കുടുംബങ്ങളെയും അംഗമാക്കിയതിനാലാണ് വാർഡിന് ഈ പദവി ലഭിച്ചത്. പോസ്റ്റൽ സർവീസസ് ഡയറക്ടർ സയ്യിദ് റഷീദ് അദ്ധ്യഷനായി. സീനിയർ സൂപ്രണ്ട് സുരേഖ് രഘുനാഥൻ സ്വാഗതവും ഡെപ്യൂട്ടി സൂപ്രണ്ട് എം. സലിം കുമാർ നന്ദിയും പറഞ്ഞു. എം.എൽ.എമാരായ അഡ്വ. വി. ജോയി, ഒ. രാജഗോപാൽ, ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അസി. ജനറൽ മാനേജർ എൻ.ആർ. ദിവാകര, നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് കെ. തമ്പി, യമുനാ ബിജു തുടങ്ങിയവർ സംസാരിച്ചു.