ആറ്റിങ്ങൽ: യു.കെ.അസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി വാട്ട്സ്ആപ്പ് കൂട്ടായ്മയായ സൗണ്ട് ഓഫ് സിറ്റിസണും അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പ്രോജക്ടും സംയുക്തമായി സീബ്രാലൈൻ ഉപയോഗത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനായി ട്രാഫിക് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
സ്കൂളുകൾക്ക് മുൻവശങ്ങളിലും തിരക്കേറിയ മറ്റു പ്രദേശങ്ങളിലും സീബ്രാലൈനുകൾ കാൽനടയാത്രക്കാർക്കായി സജ്ജീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അധികാരികൾക്ക് ഹർജി സമർപ്പിക്കുന്നതിനായി പൊതുജനങ്ങളിൽ നിന്ന് ഒപ്പുശേഖരണം നടത്തി. ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നടന്ന പരിപാടി ആറ്റിങ്ങൽ പൊലീസ് സബ് ഇൻസ്പെക്ടർ മുഹമ്മദ് ഷാഫി ഉദ്ഘാടനം ചെയ്തു.
സീബ്രാലൈനിലൂടെ മാത്രം റോഡു മുറിച്ചുകടക്കാൻ കാൽനടയാത്രക്കാർക്കും സീബ്രാലൈനിനു മുന്നിൽ വാഹനങ്ങൾ നിറുത്തിക്കൊടുക്കണമെന്ന് ഡ്രൈവർമാർക്കും ബോധവത്കരണ ലഘുലേഖകൾ വിതരണം ചെയ്തു. ആറ്റിങ്ങൽ ഗവ. കോളേജ് എൻ.എസ്.എസ് വോളന്റിയർമാരും പങ്കെടുത്തു. സജു, സജീവൻ, പ്രദീപ് കൊച്ചു പരുത്തി, ജാക്സൺ, പ്രവീൺ, സാബു നീലകണ്ഠൻ നായർ എന്നിവർ നേതൃത്വം നൽകി.