general

ബാലരാമപുരം : പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പി.ടി.എയും വികസനസമിതിയും ചേർന്ന് റസൽപ്പുരം യു.പി.എസിൽ ക്ലാസ് ലൈബ്രറി പദ്ധതി നടപ്പാക്കുന്നു. ഓരോ ക്ലാസ് റൂമിലും ബോക്സുകൾ സ്ഥാപിച്ചാണ് ക്ലാസ് ലൈബ്രറി സജ്ജമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ദിവസം അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന സംഘം മുപ്പതോളം വീടുകൾ സന്ദർശിച്ച് നൂറോളം പുസ്തകങ്ങൾ സമാഹരിച്ചു. കവിത,​ നോവൽ,​ മഹാന്മാരുടെ ചരിത്രം,​ ക്വിസ്,​ ജീവചരിത്രം തുടങ്ങിയ വിഭാഗത്തിൽപ്പെട്ട നിരവധി ബുക്കുകൾ ശേഖരിച്ചു. പുസ്തക ശേഖരണം കവി സോമൻ പയറ്റുവിള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുദർശനൻ,​ ഹെഡ്മിസ്ട്രസ് ഗീതകുമാരി,​ അദ്ധ്യാപകരായ ഷിബു,​ ഷീബ തുടങ്ങിയവർ പങ്കെടുത്തു. പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനും കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വായനക്ക് പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയുമാണ് 'നമ്മുടെ കുരുന്നുകൾക്ക് വായിക്കാൻ നമ്മുടെ കുരുന്നുകൾക്ക് വളരാൻ' എന്ന സന്ദേശത്തോടെ പരിപാടിക്ക് തുടക്കമിട്ടിരിക്കുന്നത്. രണ്ടാഴ്ച വീടുകൾ സന്ദർശിച്ച് പുസ്തകസമാഹരണം നടത്തും. പൂർവവിദ്യാർത്ഥി സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്. സ്കൂളിൽ നേരിട്ടെത്തിയും പുസ്തകങ്ങൾ നൽകാമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.