വ്യക്തികൾക്കും സമൂഹത്തിനുമെന്നപോലെ സംസ്ഥാനത്തിന്റെ വികസനത്തിനും ഉയർച്ചയ്ക്കും അച്ചടക്കം പരമപ്രധാനമാണ്. അച്ചടക്കമില്ലാത്ത സമൂഹം എല്ലാ രംഗത്തും പിന്തള്ളപ്പെടുകയേയുള്ളൂ. സമൂഹത്തിൽ പല കാരണങ്ങളാൽ അച്ചടക്കരാഹിത്യവും അതിലൂടെ ഉണ്ടാകുന്ന അക്രമ വാസനയും നാൾക്കുനാൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പൊതുമുതലുകൾ മാത്രമല്ല സ്വകാര്യ മുതലുകളും വൻതോതിൽ നശിപ്പിക്കപ്പെടാറുണ്ട്. പൊതുമുതൽ നശീകരണ പ്രവണത നിയന്ത്രണാതീതമായി വർദ്ധിച്ചപ്പോഴാണ് അത് തടയാൻ പ്രത്യേക നിയമം കൊണ്ടുവന്നത്. അതിന്റെ ഗുണം ഇപ്പോൾ പൊതുവേ കാണാനുമുണ്ട്. വലിയ പ്രക്ഷോഭങ്ങൾക്കിടയിൽ ഇപ്പോഴും പൊതുമുതൽ നശിപ്പിക്കപ്പെടാറുണ്ടെങ്കിലും വളരെയധികം നിയന്ത്രണവും കാണാറുണ്ട്. നശിപ്പിക്കപ്പെടുന്ന പൊതുമുതലിന്റെ നാശം കണക്കാക്കി അത്രയും തുക കെട്ടിവയ്ക്കേണ്ടിവരുന്നതിനാലാണിത്. പൊതുമുതൽ നശീകരണവുമായി പൊലീസ് കേസെടുത്ത് പ്രക്ഷോഭകരെ പിടികൂടിയാൽ പുറത്തിറങ്ങണമെങ്കിൽ പറയുന്ന തുക കോടതിയിൽ കെട്ടിവയ്ക്കേണ്ടിവരും. നാശനഷ്ടത്തിന്റെ തോത് കൂടുതലാണെങ്കിൽ ജാമ്യത്തിലിറങ്ങുക അതീവ ദുഷ്കരമാകും. അത്തരത്തിലുള്ള നിരവധി സംഭവങ്ങൾ ഇവിടെ ഉണ്ടാകാറുണ്ട്.
പൊതുമുതൽ നശിപ്പിക്കുന്നവരെ പിടികൂടി നഷ്ടം ഇൗടാക്കാൻ നിയമം വന്നതുപോലെ സ്വകാര്യ മുതൽ നശിപ്പിക്കുന്നവരെയും നിയമത്തിനുകീഴിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിനായുള്ള ബിൽ കഴിഞ്ഞദിവസം നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. ചർച്ചകൾക്കുശേഷം ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ഹർത്താൽ, പ്രതിഷേധ പ്രകടനങ്ങൾ ആഘോഷങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്വകാര്യ സ്വത്തുക്കൾ നശിപ്പിച്ചാൽ അതിനിടയാക്കിയവരിൽ നിന്ന് നഷ്ടപരിഹാരം ഇൗടാക്കാനും ജയിൽശിക്ഷ ഉറപ്പാക്കാനും വേണ്ടിയുള്ളതാണ് ഇൗ നിയമം.
നാശനഷ്ടം വരുത്തുന്നവർക്ക് അഞ്ചുവർഷം വരെ നീളുന്ന തടവും പുറമേ പിഴയുമാണ് നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. തീവയ്പും സ്ഫോടനവും പ്രതിഷേധത്തിന്റെ ഭാഗമാക്കുന്നവർക്ക് ശിക്ഷയും കൂടുതലായിരിക്കും. പത്തുവർഷം മുതൽ ജീവപര്യന്തം വരെയുള്ള തടവാണ് ബില്ലിൽ പറയുന്നത്. ജാമ്യത്തിനും വ്യവസ്ഥയില്ല. കോടതിവിധിക്കുന്ന നഷ്ടപരിഹാരം ഇൗടാക്കാൻ റവന്യൂ റിക്കവറിക്കുവരെ അധികാരം നൽകിയിട്ടുണ്ട്. നഷ്ടം ഇൗടാക്കാനാവശ്യമായ പണം വ്യക്തിയിൽ നിന്നു ലഭ്യമല്ലെങ്കിൽ ജയിൽശിക്ഷ അനുഭവിക്കേണ്ടിവരും. അക്രമ സംഭവങ്ങൾ വീഡിയോയിൽ പകർത്തി പൊലീസിന് തെളിവായി സൂക്ഷിക്കാനാകും.
പ്രക്ഷോഭത്തിന്റെ ഭാഗമായി പത്തോ അൻപതോ പേർ തെരുവിലിറങ്ങിയാൽ പോലും കരുതിക്കൂട്ടിയുള്ള അക്രമങ്ങളും പൊതു-സ്വകാര്യമുതൽ നശീകരണവും പതിവായ സാഹചര്യത്തിൽ അവ തടയാനുള്ള നിയമത്തെ സമൂഹവും വ്യക്തികളും സർവാത്മനാ സ്വാഗതം ചെയ്യും. പ്രതിഷേധത്തിന്റെ പേരിൽ പ്രശ്നത്തിന് ഒരുവിധത്തിലും കാരണക്കാരാകാത്ത പൊതുജനങ്ങളും സ്വകാര്യസ്വത്തും പൊതുമുതലുമാണ് എപ്പോഴും ആക്രമിക്കപ്പെടാറുള്ളത്. ഇൗ ദുഷിച്ച പ്രവണത കാരണം ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് പരിഹാരമില്ലാതെ പോവുകയാണ്. ട്രാൻസ്പോർട്ട് -സ്വകാര്യബസുകൾ, എല്ലാത്തരത്തിലുമുള്ള വാഹനങ്ങൾ, വഴിയോരത്തുള്ള കച്ചവടസ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവയാകും മിക്കപ്പോഴും പ്രതിഷേധക്കാരുടെ ഇരകളാകുന്നത്. കൂടുതലും രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിക്കുന്ന ഹർത്താലുകൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കുമിടയിലാണ് അക്രമങ്ങൾ അരങ്ങേറാറുള്ളത്. സംഘടിത ശക്തികളാണ് അവയ്ക്ക് പിന്നിലെന്നതിനാൽ പൊലീസും പലപ്പോഴും അവയ്ക്ക് നേരെ കണ്ണടയ്ക്കും. കേസും അറസ്റ്റുമൊക്കെ നടന്നെന്നിരിക്കും. എന്നാൽ കോടതിയിൽ ശിക്ഷിക്കപ്പെടുന്ന ഘട്ടംവരെ ഇത്തരം കേസുകൾ അപൂർവമായേ എത്താറുള്ളു. നിസാര കാര്യങ്ങൾ മുൻനിറുത്തിയും ഹർത്താൽ നടത്തിക്കുന്ന നാടാണിത്. വാട്ട്സ് ആപ്പ് മുഖേനപോലും 'വിജയകരമായി" ഇവിടെ ഹർത്താൽ അരങ്ങേറിയിരുന്നു. വളരെയധികം അക്രമങ്ങളും അതോടനുബന്ധിച്ചുണ്ടായി. സമൂഹത്തിൽ ഭൂരിപക്ഷവും സമാധാനകാംക്ഷികളായതിനാൽ തെരുവിലെ അക്രമങ്ങൾക്ക് അവർ എന്നും എതിരാണ്. സമരാവേശം മൂത്ത് കണ്ണിൽക്കാണുന്ന എന്തും നശിപ്പിക്കാനുള്ള പ്രവണത പാടെ ഇല്ലാതാക്കേണ്ടത് സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണ്. പാതയോരങ്ങളിൽ കച്ചവടസ്ഥാപനങ്ങൾ തുറന്നുവച്ചിരിക്കുന്നവർക്ക് മതിയായ സംരക്ഷണം ഉറപ്പാക്കാൻ സർക്കാരിന് ബാദ്ധ്യതയുണ്ട്. പ്രതിഷേധക്കാരുടെ ആക്രമണങ്ങളിൽനിന്നുള്ള പരിരക്ഷയാണ് ഇതിൽ പ്രധാനം. സ്വകാര്യ സ്വത്ത് നശീകരണത്തെ നേരിടാൻ പല്ലും നഖവുമുള്ള നിയമം പ്രാബല്യത്തിലായാലും അതിന്റെ അർത്ഥപൂർണമായ നടത്തിപ്പിലാണ് കാര്യം കിടക്കുന്നത്. പൊതുമുതലായാലും സ്വകാര്യ മുതലായാലും കൈയേറാനോ നശിപ്പിക്കാനോ .ആരെയും അനുവദിച്ചുകൂടാത്തതാണ്. നിയമം കർക്കശമായി നടപ്പാക്കുന്നതിലൂടെയാകണം അത് ഉറപ്പുവരുത്താൻ. പതിറ്റാണ്ടുകൾക്കുമുമ്പേ ഉയർന്ന ആവശ്യമാണ് സർക്കാർ ഇപ്പോൾ നിയമമാക്കാനൊരുങ്ങുന്നത്. സ്വകാര്യ സ്വത്ത് നശിപ്പിച്ചാൽ നഷ്ടം ഇൗടാക്കാനുള്ള നിയമം കൊണ്ടുവരാൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ശ്രമം നടന്നതാണ്. ഫലപ്രാപ്തിയിലെത്തിയില്ലെന്നു മാത്രം.
സ്വകാര്യവസ്തുവകകൾ നശിപ്പിക്കപ്പെട്ടാൽ നഷ്ടപരിഹാരം നൽകുന്നതിനും കുറ്റക്കാരെ ശിക്ഷിക്കുന്നതിനുമുള്ള നിയമം വരുന്നത് പോലെ സംസ്ഥാനത്തെ റോഡുകളുടെ മേൽ നടന്നുവരുന്ന അതിക്രമം തടയാനുതകുന്ന എന്തെങ്കിലും സംവിധാനത്തെക്കുറിച്ച് സർക്കാർ ആലോചിക്കേണ്ട സമയമായെന്നാണ് തോന്നുന്നത്. നിയമസഭയിൽ കഴിഞ്ഞദിവസം മരാമത്ത് മന്ത്രി ജി. സുധാകരൻ വെളിപ്പെടുത്തിയ ഒരു കാര്യമാണ് ഇത് പറയാൻ കാരണം. വിവിധ വകുപ്പുകൾ ചേർന്ന് സംസ്ഥാനത്ത് ഒരുവർഷം 3000 കോടി രൂപയുടെ റോഡുകൾ വെട്ടിപ്പൊളിക്കുന്നുണ്ടെന്നാണ് മന്ത്രി വെളിപ്പെടുത്തിയത്. വിഭവ ദാരിദ്ര്യം കൊണ്ട് വികസനം മുട്ടിനിൽക്കുന്ന സംസ്ഥാനത്തിന് താങ്ങാനാവുന്നതല്ല വെട്ടിപ്പൊളിക്കുന്ന റോഡുകൾക്കുവേണ്ടിയുള്ള ഇൗ ഭാരിച്ച ചെലവ്.