forward-block

തിരുവനന്തപുരം: വാളയാർ സംഭവത്തിലെ പെൺകുട്ടികളുടെ രക്ഷിതാക്കളെ മുഖ്യമന്ത്രിക്ക് മുന്നിൽ കൊണ്ടുവന്നത് രാഷ്ട്രീയ നാടകമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രിയെയും സർക്കാരിനെയും വെള്ളപ്പൂശാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. മാതാപിതാക്കളെ മുഖ്യമന്ത്രി അവരുടെ വീട്ടിൽപ്പോയി കാണേണ്ടതായിരുന്നു. അവരെ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയത് നിർഭാഗ്യകരമാണെന്നും ചെന്നിത്തല പറഞ്ഞു. ഫോർവേഡ് ബ്ലോക്കിന്റെ ആഭിമുഖ്യത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ സംഘടിപ്പിച്ച കേരള രക്ഷാസദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പട്ടികജാതിക്കാരായ കുരുന്നുകളെ പീഡിപ്പിച്ച് കെട്ടിത്തൂക്കിയ നരാധമൻമാർക്ക് ഒത്താശ പാടുകയാണ് സർക്കാർ . ചൈൽഡ് വെൽഫയർ കമ്മിറ്റികളിൽ സി.പി.എമ്മുകാരെ തിരുകി കയറ്റി പോക്സോ കേസുകൾ അട്ടിമറിക്കുന്നു. ചെഗുവേരയുടെ പേരിൽ ഊറ്റം കൊള്ളുന്നവരാണ് മാവോയിസ്റ്റുകളെ വെടിവച്ച് കൊല്ലുന്നത്. മഞ്ചക്കണ്ടിയിലെ പൊലീസ് നടപടി കാനം രാജേന്ദ്രനെപ്പോലും ബോധ്യപ്പെടുത്താൻ പിണറായി വിജയന് കഴിഞ്ഞിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി കൈപ്പുഴ റാം മോഹൻ, കളത്തിൽ വിജയകുമാർ,ജില്ലാ സെക്രട്ടറി വി.ജയചന്ദ്രൻ , ആർ.എസ് .പി സംസ്ഥാന സെക്രട്ടേറിയറ്റംഗം സനൽകുമാർ, തുടങ്ങിയവർ പങ്കെടുത്തു .