തിരുവനന്തപുരം : വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ സാംസ്കാരിക പ്രവർത്തകരോടൊപ്പം സെക്രട്ടേറിയറ്റ് പടിക്കൽ ഉപവാസം നടത്തി. സമ്പൂർണ സാക്ഷരത നേടിയ കേരളത്തിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് വാളയാർ സംഭവമെന്ന് ഉപവാസം ഉദ്‌ഘാടനം ചെയ്ത ഡോ. ജോർജ് ഓണക്കൂർ പറഞ്ഞു. മാനവികതയുടെ തത്വശാസ്ത്രമാണ് കമ്മ്യൂണിസമെന്നും, മാനവികതയെ ചവിട്ടിമെതിക്കുന്ന നടപടിയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും കുമ്മനം പറഞ്ഞു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ടി.പി. സെൻകുമാർ, രാജസേനൻ, രാധാമണി, വിജി തമ്പി, പി.പി. വാവ, വിനു കിരിയത്ത്, നീലകണ്ഠൻ മാസ്റ്റർ, കെ.എ. ബാഹുലേയൻ, ജെ.ആർ. പത്മകുമാർ എന്നിവർ പങ്കെടുത്തു. ഇഞ്ചക്കാട് ബാലചന്ദ്രൻ കവിത രചിച്ചും, കലാ സംവിധായകൻ ഇജോ സൈമൺ ചിത്രം വരച്ചും, യാഗാ ശ്രീകുമാർ ഇൻസ്റ്റലേഷൻ നിർമ്മിച്ചും സമരത്തിന് പിന്തുണ നൽകി. സംഘകലാവേദിയിലെ രാജേശ്വരി, രമേശ് ഗോപാൽ എന്നിവർ മൂകാഭിനയം നടത്തി.