ഹൈദരാബാദ്: പല്ലിന്റെ വരിയും നിരയും ശരിയല്ലെന്ന കാരണം പറഞ്ഞ് യുവതിയെ ഭർത്താവ് മൊഴി ചൊല്ലി. ഹൈദരാബാദിനുസമീപത്തായിരുന്നു സംഭവം. റുക്സാന ബീഗമാണ് ഭർത്താവ് മുസ്തഫയ്ക്കെതിരെ പരാതി നൽകിയത്.ഇക്കഴിഞ്ഞ ജൂണിലാണ് ഇവർ വിവാഹിതരായത്. മുസ്തഫയും ബന്ധുക്കളും പറഞ്ഞ നിബന്ധനകളെല്ലാം പാലിച്ചായിരുന്നു വിവാഹം.
കുറച്ചുദിവസം കഴിഞ്ഞതോടെ സ്വർണവും പണവും കൂടുതൽ വേണമെന്നാവശ്യപ്പെട്ട് പ്രശ്നങ്ങൾ തുടങ്ങി. ഒടുവിൽ റുക്സാനയുടെ സഹോദരന്റെ ബൈക്കും മുസ്തഫ കൈക്കലാക്കി.ഇതിനിടെ 15 ദിവസത്തോളം മുറിയിൽ പൂട്ടിയിട്ടെന്നും രോഗബാധിതയായതിനെ തുടർന്ന് വീട്ടിലേക്ക് പറഞ്ഞു വിടുകയായിരുന്നു എന്നും റുക്സാനയുടെ പരാതിയിൽ പറയുന്നു.
ഇതിനുശേഷമാണ് പല്ലുകൾ ശരിയല്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ തുടങ്ങിയത്. പല്ല് ശരിയല്ലാത്ത സ്ത്രീയെ ഭാര്യയായി അംഗീകരിക്കാനാവില്ല എന്നുപറഞ്ഞാണ് മൊഴി ചൊല്ലിയത്.
പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ മുസ്തഫയും വീട്ടുകാരും ഒത്തു തീർപ്പിന് തയ്യാറായി. റുക്സാനയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാമെന്ന് ഉറപ്പും നൽകി. പക്ഷേ, ഇതിനിടെ മുസ്തഫ റുക്സാനയുടെ വീട്ടിലെത്തി വീണ്ടും പ്രശ്നമുണ്ടാക്കി. പിന്നീട് ഫോണിലൂടെയും മൊഴി ചൊല്ലിയതായി റുക്സാന പറയുന്നു. മുസ്തഫയ്ക്കും വീട്ടകാർക്കുമെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു