
തിരുവനന്തപുരം: ഗാന്ധി സ്റ്റഡിസെന്ററിന്റെ ചെയർമാൻ, തികഞ്ഞ കർഷകൻ, സർവോപരി ഗായകൻ. പി.ജെ. ജോസഫ് നിയമസഭയിൽ ഗാന്ധിജി അനുസ്മരണപ്രസംഗം നടത്താൻ കുറച്ച് സമയം കൂടുതലെടുത്താൽ കുറ്റം പറയാനാവില്ല.
കൃഷിയെപ്പറ്റി പ്രസംഗിക്കാൻ തുടങ്ങിയാൽ സ്ഥലവും കാലവും സമയവും മറന്ന് പോകാറുള്ള ജോസഫ് ഇന്നലെയും ആ വഴിക്ക് നീങ്ങിയത് സ്വാഭാവികം. ഗാന്ധിജിയിൽ തുടങ്ങി പശുവളർത്തലിലേക്ക് വഴിമാറുന്നു എന്ന് മനസിലായപ്പോൾ തിരിച്ചു കൊണ്ടുവരാൻ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടിവന്നു. അങ്ങയുടെ പ്രസ്ഥാനമുണ്ടല്ലോ അതേപ്പറ്റി പറയൂ എന്ന് ഗാന്ധി സ്റ്റഡിസെന്ററിന്റെ കാര്യം ഓർമ്മിപ്പിച്ചപ്പോൾ ജോസഫ് തിരിച്ചുവന്നു.
കേരളപ്പിറവിക്ക് മലയാളഭാഷയെപ്പറ്റി രണ്ടുവരി പാടാതിരുന്നാൽ ഔചിത്യക്കേടാവുമെന്ന് കരുതി ആ കൃത്യവും നിർവഹിച്ചിട്ടേ ജോസഫ് അടങ്ങിയുള്ളൂ. ശ്രീകുമാരൻ തമ്പിയുടെ 'മലയാളഭാഷ തൻ മാദകഭംഗി നിൻ മലർ മന്ദഹാസമായ് വിരിയുന്നു...' എന്ന ഗാനം പാടിത്തുടങ്ങി. മുഖ്യമന്ത്രിയെക്കാൾ സമയം അങ്ങെടുത്തു എന്ന് ഓർമ്മിപ്പിച്ച സ്പീക്കർ, അതുകൊണ്ടു തന്നെ ജോസഫിലെ ഗായകനെ പ്രോത്സാഹിപ്പിച്ചില്ല. ജോസഫ് ഇരുന്നപ്പോൾ, സംസാരിക്കുന്നവർ സ്ഥലം, കുലം, മുഖം, ന്യായം എന്നിവ നോക്കണമെന്ന മുന്നറിയിപ്പും സ്പീക്കർ നൽകി.
കേരളത്തിൽ പല സ്കൂളുകളിലും മലയാളമിപ്പോൾ പഠിപ്പിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ജോസഫിന്റെ പാട്ട്.