vld-2-

വെള്ളറട : മലയോരമേഖലയിലെ പ്രധാന മലഞ്ചരക്ക് വ്യാപാര കേന്ദ്രമായ പനച്ചമൂട് പബ്ളിക് മാർക്കറ്റിൽ മാലിന്യം കുന്നുകൂടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ പെയ്തതോടെ മത്സ്യമാംസ അവശിഷ്ടങ്ങളും മാലിന്യങ്ങളും ഒഴുകി പരന്ന് മാർക്കറ്റിനകത്താകെ ദുർഗന്ധം പരക്കുകയാണ്. ഇതിനു പുറമെ പക്ഷികളും പട്ടിയും ഇഴജന്തുക്കളും മാലിന്യങ്ങൾ കൊത്തിവലിച്ചിടുന്നതു കാരണം മാർക്കറ്റ് മുഴുവനും പ്രാണികളും കൊതുകും പെറ്റുപെരുകുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സാധനങ്ങൾ വാങ്ങാനെത്തുന്ന ആളുകൾ മാർക്കറ്റിന്റെ പരിതാപകരമായ അവസ്ഥ കണ്ട് മടങ്ങിപോവുകയാണ്. ജില്ലയിലെ പ്രധാന മാർക്കറ്റ് എന്ന നിലയിൽ ഒരു വർഷത്തിനു മുമ്പ് ഫിഷറീസ് ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് ആധുനിക രീതിയിൽ 20 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി തീരുമാനമായിരുന്നു. ഇതിനെ തുടർന്ന് ഫിഷറീസ് ഉന്നത ഉദ്യോഗസ്ഥ സംഘം മാർക്കറ്റ് സന്ദർശിച്ച് നടപ്പിലാക്കേണ്ട വികസന പ്രവർത്തനങ്ങളെ കുറിച്ച് ഗ്രാമപഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളുമായി ചർച്ച നടത്തി മടങ്ങിയെങ്കിലും മാർക്കറ്റിനുള്ളിൽ ഒരു വികസനവും നടപ്പിലായില്ല. ആധുനിക രീതിയിൽ എല്ലാ സംവിധാനങ്ങളും ഒരുക്കുമെന്നാണ് മാർക്കറ്റ് സന്ദർശിച്ച സംഘം പറഞ്ഞിരുന്നത്. കോടികളുടെ വികസനം വരുമെന്ന പ്രതീക്ഷയിൽ ഗ്രാമപഞ്ചായത്തും അത്യാവശ്യം ചെയ്യേണ്ട പണികൾ പോലും ചെയ്യാതെ കാത്തിരിക്കുകയാണ്. വെള്ളറട ഗ്രാമപഞ്ചായത്തിന്റെ വരുമാനത്തിൽ മുഖ്യപങ്ക് ഈ മാർക്കറ്റിൽ നിന്നുള്ളതാണ്. അടിയന്തരമായി മാലിന്യങ്ങൾ നീക്കി ജനങ്ങളുടെ ദുരിതം മാറ്റണമെന്ന ആവശ്യം ശക്തമാണ്.