ചിറയിൻകീഴ്: വാളയാർ, പി.എസ്.സി, യൂണിവേഴ്സിറ്റി വിഷയങ്ങളുമായി ബന്ധപ്പെട്ട് നടന്ന വിദ്യാർത്ഥി-യുവജനസമരങ്ങൾക്ക് നേരെ പൊലീസ് നടത്തിയ നരനായാട്ടിനെതിരെ യൂത്ത് കോൺഗ്രസ് ചിറയിൻകീഴ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ജനറൽ സെക്രട്ടറി മുട്ടപ്പലം സജിത്ത്, ഷെമീർ കിഴുവിലം എന്നിവരുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. ചിറയിൻകീഴ് എസ്.ബി.ഐ ജംഗ്ഷനിൽ നിന്നും ആരംഭിച്ച മാർച്ചിൽ നിരവധി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു. മാർച്ചും ധർണയും ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മുട്ടപ്പലം സജിത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ കൊയ്ത്തൂർക്കോണം സുന്ദരൻ, പുതുക്കരിപ്രസന്നൻ, അഴൂർ വിജയൻ, വി.കെ. ശശിധരൻ, എ.ആർ.നിസാർ, എസ്.ജി അനിൽകുമാർ, കെ. ഓമന, മാടൻവിള നൗഷാദ്, അവിനാഷ്, രഞ്ജിത്ത് പെരുങ്ങുഴി, മോനിഷ് പെരുങ്ങുഴി, രാഹുൽ അഴൂർ, അഖിൽ അഴൂർ, അർഷാദ് മാടൻവിള, പനയത്ത ഷെരീഫ് തുടങ്ങിയവർ സംസാരിച്ചു.